Skip to main content
വാർത്തകൾ

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അധ്യാപകൻ കെഎസ്ടിഎ അംഗമല്ല; വ്യാജപ്രചാരണമെന്ന് സംഘടന

teacher

സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ കണ്ടെത്തിയ അധ്യാപകൻ കെഎസ്ടിഎ അംഗമാണെന്ന തരത്തിൽ സത്യവിരുദ്ധമായ പ്രചാരണം നടക്കുന്നുവെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). അധ്യാപകൻ സംഘടനയിൽ അംഗമല്ലെന്നും സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും കെഎസ്ടിഎ ജനറൽ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചയാളാണ് അധ്യാപകനെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. അധ്യാപകനെ കെഎസ്ടിഎ അംഗമായി ചിത്രീകരിച്ചുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, കായികമേള റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കെഎസ്ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു. കായികമേള കുറ്റമറ്റ രീതിയിൽ നടത്തുന്നതിനാവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.