തിരുവനന്തപുരം വെള്ളക്കെട്ട്: നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് സത്യാഗ്രഹം; മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി
മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം. സമരം ഉദ്ഘാടനം ചെയ്ത മന്ത്രി വി. ശിവൻകുട്ടി, സമരത്തിന് ആവശ്യമായ സംരക്ഷണം നൽകേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു. കഴിഞ്ഞ സമരങ്ങളിലുണ്ടായതുപോലുള്ള സംഭവങ്ങൾ ഇത്തവണ ആവർത്തിക്കരുതെന്നും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ മേയർ ശ്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. ഇത് ഭരണപരമായ പരാജയമാണ്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വേണ്ടവിധത്തിൽ വിനിയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ, മാതൃഭൂമി പത്രങ്ങളുടെ വാർത്താക്കട്ടിങ്ങുകൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, എൽഡിഎഫിനെ എതിർക്കുന്ന മാധ്യമങ്ങൾ പോലും നഗരത്തിലെ യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
മേയർ ബിജെപിയുടെ മാത്രമല്ല, എൽഡിഎഫ് കൗൺസിലർമാരോടും അവഗണനയാണ് കാണിക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു. 500 അജണ്ടകളുമായാണ് കൗൺസിൽ യോഗത്തിന് മേയർ എത്തുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയിലാണ് നിലവിൽ ഭരണസമിതി മുന്നോട്ടുപോകുന്നതെന്നും ലോകം അവസാനിക്കുന്നതുവരെ ഈ ഭൂരിപക്ഷത്തിൽ തുടരാമെന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേയറുടെ അഹങ്കാരവും ധിക്കാരവും അംഗീകരിക്കാനാകില്ലെന്നും മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.