Skip to main content
വാർത്തകൾ

വൈദ്യുതി കരാറിൽ മാനദണ്ഡം പാലിച്ചില്ല; ഉമ്മൻചാണ്ടി സർക്കാരിനെതിരെ പിണറായി വിജയൻ

Pinarayi

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൈദ്യുതി കരാറിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ റെഗുലേറ്ററി കമ്മീഷന് ഇടപെടാൻ കഴിയുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാർ റദ്ദാക്കിയതിനെത്തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നുവെന്നായിരുന്നു പിണറായി വിജയന്റെ വിശദീകരണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 156 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അദ്ദേഹം തള്ളി.

എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടെ 2,092 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചെന്നും 2,122 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിരുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.

നവഉദാരവൽക്കരണ നയം നടപ്പാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അന്ന് സർക്കാർ നിയമിച്ച ടി.എം. മനോഹരൻ അധ്യക്ഷനായ വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയത്. കരാറിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പലേറ്റ് ട്രൈബ്യൂണലും നടപടി ശരിവെച്ചതായി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ എൽഡിഎഫ് സർക്കാരും കെഎസ്ഇബിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വൈദ്യുതി ആവശ്യകതയുടെ ഇരട്ടിയോളം ഉൽപാദനശേഷിയുണ്ടെങ്കിലും ഉൽപാദനത്തിന്റെ 60 ശതമാനത്തോളം സ്വകാര്യ വൻകിട കമ്പനികളുടെ കൈകളിലാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കോർപ്പറേറ്റ് കമ്പനികളുടെ നടപടികളാണ് കൃത്രിമ വൈദ്യുതി ക്ഷാമത്തിനും പ്രതിസന്ധിക്കും കാരണമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.