Skip to main content
വാർത്തകൾ

‘ഇതാണ് ഹണിമൂണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിനു മുൻപേ ഡിവോഴ്‌സ്’; മന്ത്രിസഭയിലെ ഭിന്നതയിൽ പരിഹാസവുമായി എ.കെ. ബാലൻ

മറക്കാനാവാത്ത വഴിത്താരകള്‍

പാലക്കാട്: സംസ്ഥാന മന്ത്രിസഭയിലെ ഭിന്നതകളെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സാഹചര്യം ഹണിമൂണാണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിനു മുൻപുതന്നെ ഡിവോഴ്‌സ് നടക്കുമെന്നായിരുന്നു ബാലന്റെ പരിഹാസം.

കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിലും അദ്ദേഹം സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ബാലൻ ആരോപിച്ചു. വിദ്യാർഥികളോട് പ്രതികാരം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർവകലാശാലയിലെ പ്രശ്നങ്ങൾ വൈസ് ചാൻസലറാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിൽ സമരമല്ലാതെ മറ്റെന്താണ് വിദ്യാർഥികൾക്ക് മുന്നിലുള്ളതെന്നും ബാലൻ ചോദിച്ചു. ലോക്ഭവന്റെ എച്ചിൽ പറ്റുന്ന വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും വിദ്യാർഥികൾ വൈസ് ചാൻസലറെ മർദിച്ചെന്ന തരത്തിൽ കള്ളപ്രചാരണം നടത്തിയ മന്ത്രി റോജി എം. ജോൺ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥി സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനത്തെയും ബാലൻ ചോദ്യം ചെയ്തു. കെഎസ്‌യുവും എംഎസ്എഫും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സമരം നടത്താറില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ജയരാജന്മാരുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാൻ ബാലൻ തയ്യാറായില്ല. വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രണ്ട് ജയരാജന്മാരും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ കൂട്ടിച്ചേർത്തു.