Skip to main content
വാർത്തകൾ

എസ്ഐആറിനെതിരെ കൊച്ചിയിൽ പ്രതിഷേധം; മോദി ട്രംപിന്റെ കൈയിലെ കളിപ്പാവയെന്ന് അഭിജീത് ദീപ്കെ

abhijit

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ സംഗമം നടന്നു. 'ജന്തർ മന്തർ@കൊച്ചി' എന്ന പേരിൽ രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെ മോദിയുടെ ഭയമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങുകയും രാജ്യത്തെ വിൽക്കുകയും ചെയ്തത് മോദിയാണെന്നും എന്നാൽ സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന ആരോപണമാണ് ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ആര് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. നെഹ്റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്ര വർഷം ഭരിച്ചാലും നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും പറഞ്ഞു. '56 ഇഞ്ചുകാരൻ' എത്രത്തോളം ഭീരുവാണെന്ന് പ്രതിഷേധത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2029ലെ തെരഞ്ഞെടുപ്പിലൂടെ മോദി അധികാരത്തിൽനിന്ന് പുറത്താകുമെന്നും രാജ്യത്ത് അധികാരമാറ്റം സംഭവിക്കുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

ജനാധിപത്യം തിരിച്ചുപിടിക്കുമെന്ന് നടൻ പ്രകാശ് രാജും പ്രതിഷേധ സംഗമത്തിൽ വ്യക്തമാക്കി. അതിനായി ഭഗത് സിങ്ങിനെപ്പോലെ പോരാടുമെന്നും പ്രക്ഷോഭം രാജ്യവ്യാപകമായി വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഭാഗമല്ലെന്നും പാർലമെന്റിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. രാജ്യം പ്രതിഷേധങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.