‘മിഷൻ സമുദ്ര’യുടെ മറവിൽ 8,000 ഹെക്ടർ തീരദേശ ഭൂമി സ്വകാര്യവത്കരിക്കാൻ നീക്കം: തോമസ് ഐസക്
സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ മറവിൽ തീരദേശത്തെ ഏകദേശം 8,000 ഹെക്ടർ സർക്കാർ–പൊതു ഭൂമി സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നതായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പുതിയ കേരള മാരിടൈം ബോർഡ് നിയമത്തിലൂടെ തീരദേശ ഭൂമി ഏറ്റെടുത്ത് ലാൻഡ് ബാങ്ക് രൂപീകരിക്കാനാണ് ശ്രമമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ പങ്കെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം. പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 400 കോടി രൂപ മതിയാകില്ലെന്നും കിഫ്ബിയുടെ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ തീരദേശ ഭൂമിയിലാണ് സർക്കാർ കണ്ണുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ തുറമുഖങ്ങളുടെ ഏകോപന ചുമതല മാത്രമുണ്ടായിരുന്ന മാരിടൈം ബോർഡിന് പുതിയ നിയമത്തിലൂടെ കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. തീരദേശത്തെ സർക്കാർ ഭൂമിയും ഏറ്റെടുക്കാൻ കഴിയുന്ന ഭൂമിയും ഉൾപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കാൻ ഇതിലൂടെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ പ്രതിരോധം ഇതിനെതിരെ ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.