Skip to main content
വാർത്തകൾ

2027ൽ ബിജെപി അധികാരത്തിൽനിന്ന് പുറത്താകുമെന്ന് അഖിലേഷ്; യോഗിക്കെതിരെ രൂക്ഷ വിമർശനം

akhilesh yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗോപാലകരെ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചതിലൂടെ യോഗി ശ്രീകൃഷ്ണനെയാണ് അപമാനിച്ചതെന്ന് അഖിലേഷ് ആരോപിച്ചു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഒക്ടോബർ 24ന് അഖിലേഷ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടത്തിയത് ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഉത്തരാഖണ്ഡ് സ്വദേശിയായ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശമെന്ന വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ജനങ്ങളെ ഒന്നാകെ അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്നും ബിജെപി ആരോപിച്ചു.

ഇതിന് മറുപടിയായി ബുധനാഴ്ച ലഖ്‌നൗവിൽ നടന്ന ഉത്തരാഖണ്ഡ് മഹോത്സവത്തിൽ യോഗി ആദിത്യനാഥ് അഖിലേഷിനെ പരിഹസിച്ചിരുന്നു. അഖിലേഷിന്റെ ഭാര്യയും ഉത്തരാഖണ്ഡ് സ്വദേശിയുമായ ഡിംപിൾ യാദവിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിന്റെ മകൾ അഖിലേഷിന്റെ ജീവിതത്തിലുണ്ടായിരുന്നില്ലെങ്കിൽ അദ്ദേഹം ഇപ്പോൾ സെയ്‌ഫായിയിൽ എരുമകളെ മേയ്ച്ചു നടക്കുമായിരുന്നുവെന്നായിരുന്നു യോഗിയുടെ പരാമർശം.