Skip to main content
വാർത്തകൾ

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടി; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി വി. ശിവൻകുട്ടി

v shivankutty

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികൾക്കെതിരെ വൈസ് ചാൻസലറും സർവകലാശാലാ അധികാരികളും രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

വിദ്യാർത്ഥികളുടെ പരീക്ഷ എഴുതാനുള്ള അവകാശം തടയാൻ വൈസ് ചാൻസലർ കോടതിയെ സമീപിച്ച അസാധാരണ സാഹചര്യമാണുണ്ടായതെന്ന് ശിവൻകുട്ടി പറഞ്ഞു. എന്നാൽ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് സർവകലാശാലാ അധികൃതർക്ക് കടുത്ത ചോദ്യങ്ങൾ നേരിടേണ്ടിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ ജനാധിപത്യ പോരാട്ടമാണ് വിദ്യാർത്ഥികൾ നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വൈസ് ചാൻസലർക്കെതിരെ ആക്രമണം നടന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൊളിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിന്റെ മതേതര മനഃസാക്ഷി സംരക്ഷിക്കുന്നതിന് വിദ്യാർത്ഥികളുടെ സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും ശിവൻകുട്ടി തന്റെ കുറിപ്പിൽ വ്യക്തമാക്കി.