‘ഇന്ത്യ’ മുന്നണി റാലിയിൽ നിന്ന് വിട്ടുനിന്ന ടി.വി.കെക്കെതിരെ ഡി.എം.കെ; കോൺഗ്രസിനും വിമർശനം
വോട്ട് ചോർച്ച ആരോപണത്തിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി രാംലീലാ മൈതാനത്ത് ‘ഇന്ത്യ’ മുന്നണി സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാത്ത വിജയ്യുടെ തമിഴക വെട്രി കഴകത്തിനെതിരെ (ടി.വി.കെ) രൂക്ഷവിമർശനവുമായി ഡി.എം.കെ. പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്ന ടി.വി.കെ ഫാസിസ്റ്റ് ശക്തികളോടാണ് കൂറ് പുലർത്തുന്നതെന്ന് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ആരോപിച്ചു.
വിജയ്യുടെ പാർട്ടിയുമായി സഖ്യത്തിന് ശ്രമിക്കുന്ന കോൺഗ്രസിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് സ്വന്തം ആത്മാഭിമാനം പണയം വെക്കുകയാണോയെന്ന് എ. രാജ ചോദിച്ചു. ‘ഇന്ത്യ’ മുന്നണിയുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാത്ത ടി.വി.കെ മുന്നണിയുടെ ഭാഗമാണോയെന്ന് വ്യക്തമാക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈയും ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയും കോൺഗ്രസും അവസരവാദ രാഷ്ട്രീയത്തിന് വഴങ്ങി സ്വന്തം പ്രതിച്ഛായ തകർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സി.പി.ഐ.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി തുടങ്ങിയ പ്രമുഖ കക്ഷികൾ രാംലീലാ മൈതാനത്തെ റാലിയിൽ പങ്കെടുത്തിരുന്നു.