Skip to main content
വാർത്തകൾ

കാലടി സർവകലാശാലാ പരീക്ഷാ വിവാദം; വൈസ് ചാൻസലറുടെ നടപടി വിദ്യാർഥിവിരുദ്ധമെന്ന് പി. രാജീവ്

p rajiv

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും അതിനെതിരെ വൈസ് ചാൻസലർ വീണ്ടും കോടതിയെ സമീപിച്ചത് വിദ്യാർഥിവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് സിപിഎം നേതാവ് പി. രാജീവ്. സ്വയംഭരണ സ്ഥാപനമെന്ന വാദമുയർത്തി ഭരണഘടനാപരമായ തീരുമാനങ്ങളെപ്പോലും എതിർക്കുന്ന വൈസ് ചാൻസലറുടെ നിലപാടിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജയിലിൽ കഴിയുന്നവർക്ക് പോലും പഠിക്കാനും പരീക്ഷ എഴുതാനും അനുമതി ലഭിക്കുന്ന രാജ്യത്താണ് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികൾക്ക് പരീക്ഷാ അനുമതി നിഷേധിക്കുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. വിദ്യാർഥികളോട് കാണിക്കുന്ന അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോദ്യം ചോദിച്ചതിന്റെ പേരിൽ മഹാരാജാസ് കോളേജിലെ വിദ്യാർഥിനിയെ സസ്പെൻഡ് ചെയ്ത നടപടിയും ഭരണഘടനാവിരുദ്ധമാണെന്ന് രാജീവ് പറഞ്ഞു. ചോദ്യം ചോദിക്കുന്നത് വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി ജഡ്ജിമാർ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിനായി സമരം നടത്തുന്നവർ കേരളത്തിൽ വിദ്യാർഥികളോട് മാപ്പപേക്ഷ ആവശ്യപ്പെടുകയാണെന്നും രാജീവ് വിമർശിച്ചു. ചോദ്യം ചോദിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെയും ക്രമസമാധാന നിലയെയും പി. രാജീവ് വിമർശിച്ചു. പരാതി ലഭിച്ചിട്ടും പരിശോധന നടത്തുന്നതിൽ പൊലീസ് വരുത്തിയ കാലതാമസമാണ് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ചതെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി, വടകര, ചേരാനല്ലൂർ എന്നിവിടങ്ങളിലെ സമീപകാല സംഭവങ്ങളും പൊലീസിന്റെ നിഷ്ക്രിയത്വത്തിന് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.