Skip to main content
വാർത്തകൾ

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ രണ്ട് കമ്മീഷണർമാർ പരാതി നൽകിയതായി സ്ഥിരീകരണം

ec

തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗാർഗിനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതായി സ്ഥിരീകരണം. വിവരാവകാശ പ്രവർത്തകൻ കമ്മഡോർ ലോകേഷ് ബത്ര സമർപ്പിച്ച ആർ.ടി.ഐ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയുമാണ് പരാതി നൽകിയത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കൂടിയാലോചിക്കാതെ മുതിർന്ന ഉദ്യോഗസ്ഥരുടെ ജോലിവിഭജനം ഏകപക്ഷീയമായി പരിഷ്കരിച്ചെന്നാണ് പ്രധാന ആരോപണം. അഡ്മിനിസ്ട്രേഷൻ ചട്ടങ്ങൾക്കും 2023-ലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾക്കും വിരുദ്ധമാണ് നടപടിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവശ്യപ്പെട്ട ഫയൽ നൽകാൻ അഡ്മിനിസ്ട്രേഷൻ വിഭാഗം തയ്യാറായില്ലെന്നും വിവേക് ജോഷി ആരോപിച്ചു.

എന്നാൽ, ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടലായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ വിഷയത്തിൽ നടപടിയെടുക്കുന്നത് അനുചിതമാണെന്ന് ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ ഓഗസ്റ്റ് അഞ്ചിന് മറുപടി നൽകി. പരാതികൾ കമ്മീഷണർമാരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയമല്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായവും തേടിയിരുന്നു.