വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞു; നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് പിണറായി വിജയൻ
സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ നിയമവ്യവസ്ഥയിൽ എല്ലാ ഘട്ടത്തിലും വിശ്വാസമർപ്പിച്ചയാളാണ് താനെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്നതാണ്. അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
അപ്പീലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), വിജിലൻസ്, കെ.എം. ഷാജഹാൻ എന്നിവർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ ഈ കാലയളവിൽ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനോട് കോടതി ചില നടപടിക്രമപരമായ ചോദ്യങ്ങളും ഉന്നയിച്ചു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ, മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടോ, ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കോടതി ചോദിച്ചത്. പൊതുസമൂഹത്തിന്റെ പിന്തുണ കോടതിയുടെ നടപടികളെ സ്വാധീനിക്കില്ലെന്നും കോടതിയെ പഠിപ്പിക്കാൻ ശ്രമിക്കരുതെന്നും കെ.എം. ഷാജഹാനോട് കോടതി നിരീക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഹൈക്കോടതിയിൽനിന്ന് ഇപ്പോഴത്തെ ഉത്തരവുണ്ടായതെന്നുമാണ് പിണറായി വിജയന്റെ പ്രതികരണം.