ഗ്യാനേഷ് കുമാറിനെതിരെ ‘പ്രതീകാത്മക ഇംപീച്ച്‌മെന്റ്’; ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാൻ ഇന്ത്യാ സഖ്യം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് സംഘടിപ്പിക്കാൻ ഇന്ത്യാ സഖ്യം. ഒക്ടോബർ 30 വെള്ളിയാഴ്ച ഡൽഹിയിൽ നടത്താനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. രാംലീല മൈതാനത്ത് പരിപാടിക്ക് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലാണ് വേദി ഒരുക്കുന്നത്.
പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഖാർഗെയുടെ വസതിയിലെത്തി. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാർ പരിപാടിയിൽ പ്രതീകാത്മക സ്പീക്കറാകും. ഖാർഗെ ചർച്ചകൾക്ക് തുടക്കമിടുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.
പാർലമെന്റിന്റെ ഇരുസഭകളിലും ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയങ്ങൾ നൽകിയിരുന്നെങ്കിലും അവ പരിഗണിക്കാൻ ഭരണപക്ഷം തയ്യാറായില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആവശ്യമായ അംഗബലം ഉണ്ടായിട്ടും പ്രമേയങ്ങൾ തള്ളിയതായും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനകീയ വിചാരണയുടെ മാതൃകയിൽ പ്രതീകാത്മക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ഖാർഗെയുടെ വസതിയുടെ മുറ്റത്ത് വലിയ പന്തലും വേദിയും സജ്ജീകരിച്ചിട്ടുണ്ട്. പാർലമെന്റിലെയും കോടതികളിലെയും നടപടികളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും പരിപാടി. ഇന്ത്യാ സഖ്യത്തിലെ എംപിമാർക്കൊപ്പം നിയമവിദഗ്ധരും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആർ നടപടികൾ ബാധിച്ചവരും ചടങ്ങിൽ സംസാരിക്കുമെന്നാണ് വിവരം.
ഏപ്രിലിൽ പ്രതിപക്ഷം നൽകിയ പ്രമേയങ്ങൾ സഭാധ്യക്ഷന്മാർ തള്ളിയതായും റിപ്പോർട്ടുണ്ട്. ഒക്ടോബർ 13ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ ജനകീയ ഇംപീച്ച്‌മെന്റ് സംഘടിപ്പിക്കണമെന്ന ആശയം ഉയർന്നുവന്നത്.