പത്മജയുടെ കോൺഗ്രസ് മടക്കത്തിൽ ഭിന്നത; തിരിച്ചെടുക്കുന്നതിനെതിരെ നേതാക്കൾ, നേതൃത്വത്തിന് തലവേദന
കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള പത്മജ വേണുഗോപാലിന്റെ നീക്കം പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പത്മജ ഇ-മെയിൽ വഴി കത്തയച്ചു.
എന്നാൽ പത്മജയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്. പിതാവ് കെ. കരുണാകരനെപ്പോലും ബിജെപിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നതുൾപ്പെടെയുള്ള പത്മജയുടെ പഴയ പരാമർശങ്ങൾ മറക്കാനാകില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസിലെയും മഹിളാ കോൺഗ്രസിലെയും ചില നേതാക്കൾക്കും പത്മജയുടെ തിരിച്ചുവരവിനോട് അതൃപ്തിയുണ്ട്. അതേസമയം, തെറ്റ് തിരുത്തി മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകണമെന്ന നിലപാടുള്ള മുതിർന്ന നേതാക്കളുമുണ്ട്.
പത്മജയുടെ കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നും മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ നിലപാട് വ്യക്തമാക്കൂവെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരത്തെ അറിയിച്ചത്. പാർട്ടി പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകയായി മടങ്ങിയെത്താനാണ് താൽപര്യമെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്.
2024 മാർച്ച് ഏഴിനാണ് പത്മജ ബിജെപിയിൽ ചേർന്നത്. ഈ മാസം 19ന് ബിജെപി വിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തേ തന്നെ ആഭ്യന്തര തർക്കങ്ങളിൽ വലയുന്ന കോൺഗ്രസ് നേതൃത്വത്തിന് പത്മജയുടെ മടക്കവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലവേദനയായിരിക്കുകയാണ്.