Skip to main content
വാർത്തകൾ

പ്രതിഷേധം ഫലം കണ്ടു; മാധ്യമസ്വാതന്ത്ര്യത്തിന് തടസ്സമാകില്ല; ഡിപിഡിപി നിയമത്തിൽ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രം

pddp

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും നിയമം തടസ്സമാകാതിരിക്കാൻ ആവശ്യമെങ്കിൽ നിയമത്തിൽ തന്നെ മാറ്റം കൊണ്ടുവരുമെന്നും കേന്ദ്രം വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും സർക്കാർ ആവർത്തിച്ചു.

ഡാറ്റ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡാറ്റാ ഫിഡ്യൂഷറികൾക്കാണ് നിയമത്തിലെ ചില വ്യവസ്ഥകൾ ബാധകമെന്നും മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. മാധ്യമങ്ങൾക്ക് വ്യക്തമായ ഇളവ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആശങ്ക പരിഹരിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താമെന്നും ആവശ്യമെങ്കിൽ നിയമം തന്നെ മാറ്റാമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യത്തെ 21 പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഡിപിഡിപി നിയമം പത്രപ്രവർത്തനത്തിന് ഭീഷണിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഎൻപിഎ കോടതിയെ സമീപിച്ചത്.

അതേസമയം, നിയമത്തിലെ സെക്ഷൻ 7 ബാങ്കുകൾ, ടെലികോം സേവനദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ ഡാറ്റാ ഫിഡ്യൂഷറികൾക്കുള്ളതാണെന്നും മാധ്യമങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.