Skip to main content
വാർത്തകൾ

റോഡുകളിലെ മരണപ്പാച്ചിലിന് ഉത്തരവാദി യുഡിഎഫ്; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

pinarayi vijayan

സംസ്ഥാനത്ത് വാഹനാപകടങ്ങളും നിരത്തുകളിലെ നിയമലംഘനങ്ങളും വർധിക്കുന്നതിന് യുഡിഎഫിന്റെ നിലപാടുകളാണ് കാരണമെന്ന് ആരോപിച്ച് പിണറായി വിജയൻ. റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും രാഷ്ട്രീയ ലാഭത്തിനായി തകർത്തതിന്റെ അനന്തരഫലമാണ് ഇന്ന് തെരുവുകളിൽ കാണുന്ന ഭീകരാന്തരീക്ഷവും തുടർച്ചയായ ജീവനഷ്ടങ്ങളുമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ യഥാർഥ അജണ്ടകളും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്തുണ്ടായ മൂന്ന് സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ വിമർശനം. നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച യുവാവ് ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം, ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് തട്ടുകടക്കാരൻ മരിച്ച സംഭവം, തിരുവല്ലയിൽ രേഖകളോ ലൈസൻസോ ഇല്ലാതെ അമിതവേഗത്തിൽ വാഹനമോടിച്ച യുവാവിനെ നാട്ടുകാർ പിടികൂടിയ സംഭവം എന്നിവയാണ് അദ്ദേഹം പരാമർശിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം ഉറപ്പാക്കാനും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് പിണറായി പറഞ്ഞു. അപകടകരമായ വാഹന മോഡിഫിക്കേഷനുകൾ തടയുക, എഐ ക്യാമറകൾ സ്ഥാപിക്കുക, കർശന പരിശോധനകൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ നിരത്തുകളിലെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഈ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യുഡിഎഫെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ മുതലെടുപ്പിനായി ട്രാഫിക് ക്യാമറകൾ മൂടാനും സുരക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കാനും യുഡിഎഫ് ആഹ്വാനം ചെയ്തതായി പിണറായി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ ഇത്തരം സംവിധാനങ്ങൾ എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് നിയമലംഘനങ്ങളെയും അച്ചടക്കമില്ലായ്മയെയും രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി കുറിച്ചു. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കായി റോഡ് സുരക്ഷയെ ബലികൊടുത്തവർ സ്വയം തിരുത്തണമെന്നും നിയമം നടപ്പാക്കാൻ ആത്മാർഥത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.