Skip to main content
വാർത്തകൾ

പ്രകാശ് രാജ് പങ്കെടുത്ത മാനവീയം വീഥിയിലെ പ്രതിഷേധത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു

prakash raj

നടൻ പ്രകാശ് രാജ് പങ്കെടുത്ത മാനവിയം വീഥിയിലെ പ്രതിഷേധത്തില്‍ മ്യൂസിയം പൊലീസ്  കേസെടുത്തു.ഗ്യാനേഷ് കുമാറിനെതിരെ ആയിരുന്നു കഴിഞ്ഞ ദിവസം മാനവിയം വീഥിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിക്കിടെ പൊലീസെത്തി മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വൻ പ്രധിഷേധത്തെ തുടർന്ന് പിൻവാങ്ങി. 

 സംഘടകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫുട്പാത്ത് കയ്യേറി, സഞ്ചാര സ്വതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതി ഇല്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.  സമരത്തിനെതിരെ കോർപറേഷനും മുൻകൂട്ടി പൊലീസിന് കത്ത് നൽകിയിരുന്നു. അനുമതി ഇല്ലാതെയുള്ള സമരം തടയണം എന്നായിരുന്നു ആവശ്യം

സ്റ്റുഡൻസ് ഫോര്‍ കളക്ടീവാണ് മാനവീയം വീഥി ജന്തർമന്തറാക്കി പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥി നടൻ പ്രകാശ് രാജിന്‍റെ നേൃത്വത്തില്‍ സമരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പൊലീസിന്‍റെ രംഗപ്രവേശം. അനുമതിയില്ലാതെ സമരം നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റുകള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതോടെ ബഹളമായി. ഒടുവില്‍ വൻ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിൻമാറുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മാത്രമാണ് പ്രകാശ് രാജ് പങ്കെടുക്കുമെന്ന ഉറപ്പ് കിട്ടിയതെന്നും സമയക്കുറവ് മൂലമാണ് അനുമതി അപേക്ഷ നേരത്തെ നല്‍കാതിരുതന്നും സംഘാടകര്‍ വിശദീകരിച്ചു.