കിഫ്ബി നിലപാടിൽ യുഡിഎഫിനെതിരെ തോമസ് ഐസക്; വികസനത്തിന് ബദൽ എവിടെയെന്ന് ചോദ്യം
വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബിക്ക് പകരം മറ്റൊരു സംവിധാനമുണ്ടോയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. പശ്ചാത്തലസൗകര്യ വികസനം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുകയെന്നും അദ്ദേഹം വിശദീകരിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. കിഫ്ബിയെക്കുറിച്ചുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിഫ്ബിയിൽ കണ്ണൂർ ജില്ലയ്ക്ക് അധിക വിഹിതം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തോമസ് ഐസക് പറഞ്ഞു. കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം തുടങ്ങിയ പദ്ധതികൾ മുൻനിർത്തിയാണ് ഭൂമി ഏറ്റെടുത്തത്. വ്യവസായ വികസനത്തിന് ആവശ്യമായ ഭൂമി ദീർഘവീക്ഷണത്തോടെയാണ് ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുടെ നഷ്ടപരിഹാരത്തിന് മാനദണ്ഡം നിശ്ചയിച്ചത് യുപിഎ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെയും തോമസ് ഐസക് വിമർശിച്ചു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരുന്നാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്നും ചോദിച്ചു. നോട്ടീസ് പതിപ്പിച്ച് ഹാജരാകാൻ ആവശ്യപ്പെടേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം വിമർശിച്ചു.