വൈദ്യുതി വാങ്ങൽ വിവാദം: അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്; നിർണായക തീരുമാനങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി തുറന്നുപറഞ്ഞു. മുഖ്യമന്ത്രി സതീശനും കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും വാർത്തകളിലൂടെയാണ് വിവരം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വകുപ്പുമന്ത്രിക്ക് മുകളിലാണെന്നും വകുപ്പ് സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി അഭിപ്രായങ്ങൾ അറിയിക്കുകയാണ് ചെയ്യുന്നതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചതായാണ് താൻ മനസിലാക്കുന്നതെന്നും ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി താൻ ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ അറിയിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജമാണിക്യത്തിന്റെ റിപ്പോർട്ട് പരിശോധിക്കാനുള്ള നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജിഎൻഎയിൽനിന്ന് കേരളം ഉടൻ വൈദ്യുതി വാങ്ങില്ലെന്നാണ് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന ബോർഡിന്റെ വിലയിരുത്തലാണ് വിവാദ കരാറിൽനിന്ന് തൽക്കാലം പിന്മാറാൻ സർക്കാരിന് വഴിയൊരുക്കിയത്. ഈ രണ്ടുമാസത്തേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാണെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നു. തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്നെന്ന മന്ത്രിയുടെ പ്രതികരണം വകുപ്പിനുള്ളിലെ ആശയവിനിമയത്തെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.