Skip to main content
വാർത്തകൾ

ഫ്രാൻസിന്റെ തെരുവുകളിൽ യുവജന രോഷം; വിദ്യാഭ്യാസം മുതൽ ഫലസ്തീൻ വരെ നീളുന്ന പ്രതിഷേധങ്ങൾ

france

ഫ്രാൻസിന്റെ തെരുവുകളിൽ വീണ്ടും പ്രതിഷേധത്തിന്റെ തീ പടരുകയാണ്. മതിയായ അധ്യാപകരും ക്ലാസ് മുറികളിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളും മെച്ചപ്പെട്ട സ്കൂൾ കെട്ടിടങ്ങളും ആവശ്യപ്പെട്ട് പാരീസിന്റെ പ്രാന്തപ്രദേശങ്ങളിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം ഇന്ന് രാജ്യവ്യാപകമായ ജനകീയ പ്രക്ഷോഭമായി വളർന്നിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, വംശീയ വിവേചനം, പൊതുസേവനങ്ങളുടെ തകർച്ച, സർക്കാരിന്റെ സൈനിക നയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ.

ഫ്രാൻസിലെ ബാൻലിയു (Banlieues) എന്നറിയപ്പെടുന്ന പ്രാന്തപ്രദേശങ്ങൾ പ്രധാനമായും തൊഴിലാളിവർഗവും കുടിയേറ്റ പശ്ചാത്തലമുള്ള ജനവിഭാഗങ്ങളും താമസിക്കുന്ന മേഖലകളാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നേരിടുന്ന അവഗണനയ്ക്കൊപ്പം പൊലീസിൽനിന്നും തീവ്രവലതുപക്ഷ സംഘടനകളിൽനിന്നുമുള്ള വംശീയ വിവേചനവും ഇവിടുത്തെ ജനങ്ങളുടെ പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. ഫ്രഞ്ച് ഭരണകൂടം ഔദ്യോഗികമായി ഉയർത്തിപ്പിടിക്കുന്ന സമത്വത്തിന്റെയും മതേതര റിപ്പബ്ലിക്കൻ മൂല്യങ്ങളുടെയും യാഥാർഥ്യം ചോദ്യം ചെയ്യപ്പെടുകയാണ്.

വിലക്കയറ്റവും തൊഴിലാളി രോഷവും

കുറയുന്ന വേതനവും ഉയരുന്ന ജീവിതച്ചെലവും തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. ഒക്ടോബർ 17ന് ഫ്രാൻസിലുടനീളം നടന്ന പ്രതിഷേധങ്ങളിൽ എട്ടുലക്ഷത്തോളം പേർ പങ്കെടുത്തതായി സിജിടി (CGT) ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ കണക്കാക്കി. ഉയർന്ന വേതനം, മെച്ചപ്പെട്ട പെൻഷൻ, വിലക്കുറവ്, ജനങ്ങൾക്ക് ആവശ്യമായ പൊതുസേവനങ്ങൾ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

2018ൽ ഇന്ധനനികുതി വർധനയ്‌ക്കെതിരെ ആരംഭിച്ച 'യെല്ലോ വെസ്റ്റ്' പ്രക്ഷോഭം ഫ്രഞ്ച് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു. സമ്പന്നരുടെ നികുതിഭാരം കുറച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നടപടിയും ജനരോഷത്തിന് കാരണമായി. 2023ൽ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ ഭരണഘടനയിലെ വ്യവസ്ഥ ഉപയോഗിച്ചതും പ്രതിഷേധം ശക്തമാക്കി. വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആക്കി ഉയർത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രധാനമായും പ്രക്ഷോഭം.

2025ൽ പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈറു അവതരിപ്പിച്ച 43.8 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയും പ്രതിഷേധത്തിന് വഴിയൊരുക്കി. പൊതുഅവധി ദിവസങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെട്ടത്. 2023ൽ ഫ്രാൻസിൽ 98 ലക്ഷം പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നുവെന്ന ദേശീയ സ്ഥിതിവിവരക്കണക്ക് വിഭാഗത്തിന്റെ കണക്കും പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.


വംശീയ വിവേചനവും ഫലസ്തീൻ ഐക്യദാർഢ്യവും


വംശീയ വിവേചനത്തിനെതിരായ പ്രതിഷേധവും ഫ്രാൻസിലെ യുവജന മുന്നേറ്റങ്ങൾക്ക് കരുത്തുപകരുന്നുണ്ട്. 2016ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച മലിക്കാരനായ ആദാമ ട്രയോറിന്റെ മരണമാണ് ഫ്രാൻസിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് പ്രധാന പ്രചോദനമായത്. 2020ൽ അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി. പൊലീസിന്റെ അതിക്രമങ്ങളും കറുത്തവർക്കും അറബ് വംശജർക്കുമെതിരായ വിവേചനവും പ്രതിഷേധത്തിന്റെ കേന്ദ്രവിഷയങ്ങളായി.

ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധങ്ങളോടുള്ള ഫ്രഞ്ച് ഭരണകൂടത്തിന്റെ സമീപനവും യുവജനങ്ങളെ ചൊടിപ്പിച്ചു. 2023 ഒക്ടോബറിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിൻ നിർദേശിച്ചിരുന്നു. പാരീസിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സർവകലാശാലകളിൽ ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികൾക്കെതിരെയും പൊലീസ് നടപടിയുണ്ടായി.

ഫലസ്തീനിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുന്ന നിലപാടും യുക്രെയ്ൻ വിഷയത്തിൽ കാണിക്കുന്ന താൽപര്യവും തമ്മിലുള്ള വൈരുധ്യമാണ് വിദ്യാർഥികൾ ഉയർത്തിക്കാട്ടുന്നത്.


യുദ്ധത്തിന് പണം, ജനക്ഷേമത്തിന് ചെലവുചുരുക്കൽ


റഷ്യൻ ഭീഷണി ചൂണ്ടിക്കാട്ടി പ്രതിരോധച്ചെലവ് വർധിപ്പിക്കാനുള്ള മാക്രോണിന്റെ നീക്കവും വിമർശനവിധേയമാണ്. 2027ഓടെ ഫ്രാൻസിന്റെ വാർഷിക പ്രതിരോധ ബജറ്റ് 64 ബില്യൺ യൂറോയിലെത്തിക്കാനാണ് ലക്ഷ്യം. 2027ലെ ബജറ്റ് നിർദേശത്തിൽ പ്രതിരോധത്തിനായി 63.4 ബില്യൺ യൂറോ വകയിരുത്തിയിട്ടുണ്ട്. ആയുധനിർമാണ പദ്ധതികൾക്കും വലിയ തുക നീക്കിവെക്കുന്നു.

അതേസമയം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ പണം ലഭ്യമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. യുക്രെയ്ൻ യുദ്ധത്തിനും സൈനിക വികസനത്തിനും പണം കണ്ടെത്തുന്ന ഭരണകൂടം സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ പിന്നോട്ടുപോകുകയാണെന്ന വിമർശനം ശക്തമാണ്.


2027 തിരഞ്ഞെടുപ്പിലേക്ക് നീളുന്ന പ്രതിഷേധം


ഫ്രാൻസിലെ പ്രതിഷേധങ്ങൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാമൂഹിക അസംതൃപ്തിയുടെ ഭാഗമാണ്. സ്പെയിനിലും അൽബേനിയയിലും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഭവനപ്രതിസന്ധി, വേതനത്തകർച്ച, പൊതുസേവനങ്ങളുടെ അപചയം തുടങ്ങിയ വിഷയങ്ങൾ ജനങ്ങളെ തെരുവിലിറക്കുന്നു.

യെല്ലോ വെസ്റ്റ് പ്രക്ഷോഭവും വംശീയ വിവേചനത്തിനെതിരായ മുന്നേറ്റങ്ങളും വ്യത്യസ്ത ജനകീയ കൂട്ടായ്മകൾക്ക് രൂപം നൽകിയെങ്കിലും അവയെ ശക്തമായ ഏകീകൃത രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2024ൽ ഇടതുപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ന്യൂ പോപ്പുലർ ഫ്രണ്ട് സഖ്യം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിരുന്നു. എന്നാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യത്തിന് കഴിഞ്ഞില്ല.

2027ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഈ പ്രതിഷേധങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് നിർണായകമാണ്. ഇടതുപക്ഷത്തിന് ഏകീകൃത സ്ഥാനാർഥിയെ അവതരിപ്പിക്കാനായില്ലെങ്കിൽ മറൈൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ നാഷണൽ റാലിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന ആശങ്കയുമുണ്ട്.

വിദ്യാഭ്യാസവും തൊഴിലവസരങ്ങളും മാന്യമായ ജീവിതസാഹചര്യങ്ങളും ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന പുതിയ തലമുറയുടെ പ്രതിഷേധം കേവലം സാമ്പത്തിക അസംതൃപ്തിയല്ല. സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഫ്രഞ്ച് റിപ്പബ്ലിക്കിന് തങ്ങളുടെ ഭാവിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന അടിസ്ഥാന ചോദ്യമാണ് അവർ ഉയർത്തുന്നത്.