വളർമതിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ കൂട്ടനിരാഹാരം
സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്ന എൽപിഎസ്ടി സമരനായിക വളർമതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ സമരത്തിലുള്ള ഉദ്യോഗാർഥികൾ കൂട്ടനിരാഹാരം ആരംഭിച്ചു. വളർമതി സമരവേദിയിൽ തിരിച്ചെത്തുന്നതുവരെ നിരാഹാരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. സമരം പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വളർമതിയുടെ രക്തസമ്മർദം കുറഞ്ഞെന്ന പൊലീസ് വാദം തെറ്റാണെന്നും സമരക്കാർ ആരോപിച്ചു. വളർമതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് എബിവിപി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
അതേസമയം, വളർമതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഡ്രിപ്പ് നൽകിയിട്ടുണ്ടെന്നും മൂന്ന് മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. രക്തസമ്മർദവും പൾസും സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയതിന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. തിരിച്ചറിഞ്ഞ എട്ട് പേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. എന്നാൽ, അന്നേദിവസം പ്രതിഷേധം നടന്നിട്ടില്ലെന്നാണ് വളർമതിയുടെ പ്രതികരണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർഥികൾ സമരം ആരംഭിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. അധ്യാപക-വിദ്യാർഥി അനുപാതം വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് സമരം തുടരാൻ സമരസമിതി തീരുമാനിച്ചത്.