കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും സജീവമാകുന്നു; വിശാല ഐ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാൻ വി.ഡി. സതീശൻ അനുകൂലികളുടെ നീക്കം
കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിക്കുന്നവർ വിശാല ഐ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. നിലവിലെ ഗ്രൂപ്പ് നേതൃത്വവുമായി ഏകോപനമില്ലാതെയാണ് മണ്ഡലംതലത്തിൽ നേതാക്കളെ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട്ടെ ഒരു വീട്ടിൽ നടന്ന രഹസ്യയോഗത്തിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.
ബിആർഎം ഷഫീറിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. ഐഎൻടിയുസി സംസ്ഥാന നേതാവ് വി.ആർ. പ്രതാപനും യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. മണ്ഡലംതലത്തിൽ വി.ഡി. സതീശനെ അനുകൂലിക്കുന്ന നേതാക്കളെ ഏകോപിപ്പിക്കുകയും കൂടുതൽ നേതാക്കളെ ഒപ്പം നിർത്തുകയുമാണ് നീക്കത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി ഗ്രൂപ്പ് പ്രവർത്തനം വിപുലീകരിക്കാനാണ് അനുയായികളുടെ ശ്രമമെന്നാണ് സൂചന.
അതേസമയം, സതീശൻ അനുകൂലികളുടെ നീക്കത്തിന് തടയിടാൻ എ ഗ്രൂപ്പും രംഗത്തുണ്ട്. സംസ്ഥാനത്തെ കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളിൽ വീണ്ടും സജീവമാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ ഗ്രൂപ്പിന്റെ പുനരുജ്ജീവന നീക്കങ്ങൾ. ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ യോഗങ്ങൾ സംഘടിപ്പിക്കാനും നേതാക്കളെ വീണ്ടും ഏകോപിപ്പിക്കാനും എ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.
കോൺഗ്രസിലെ സംഘടനാ ചർച്ചകളും നേതൃനിരയിലെ നീക്കങ്ങളും പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് വഴിമാറുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വി.ഡി. സതീശൻ അനുകൂലികൾ വിശാല ഐ ഗ്രൂപ്പിന് രൂപം നൽകാൻ ശ്രമിക്കുമ്പോൾ എ ഗ്രൂപ്പും സമാന്തരമായി സംഘടനാ പ്രവർത്തനം ശക്തമാക്കുന്നത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് മത്സരം വീണ്ടും ചൂടുപിടിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.