Skip to main content
സംവാദം

ആത്മവിശ്വാസത്തോടെ ഈ പാർട്ടി മുന്നേറും

vipuleekritha

കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യസെൽ രൂപംകൊണ്ട കോഴിക്കോട് നഗരത്തിലായിരുന്നു സിപിഐ എംന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം വിജയകരമായി സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റ് വിപുലീകരിച്ചും സംസ്ഥാന കമ്മിറ്റിയിലെ ഏക ഒഴിവ് നികത്തിയും പുതുതായി ഒമ്പതുപേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയും സംസ്ഥാന നേതൃത്വത്തിന് പുതിയ രൂപവും ഭാവവും നൽകാൻ യോഗത്തിന് കഴിഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ അണിനിരന്ന ബഹുജന റാലിയോടെ യോഗം സമാപിച്ചു. ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് പ്രധാനമായും യോഗത്തിലുണ്ടായത്. ജില്ലകളിൽനിന്നും വർഗ ബഹുജന സംഘടനകളിൽനിന്നും പാർടി പ്രസിദ്ധീകരണങ്ങളിൽനിന്നുമായി 55 പേരാണ്, രണ്ടുദിവസങ്ങളിലായി എട്ടുമണിക്കൂർ അഞ്ചു മിനിറ്റ്‌ നീണ്ട ചർച്ചയിൽ പങ്കെടുത്തത്. 

ആരോഗ്യകരവും ആശങ്കകൾ വ്യക്തമായി രേഖപ്പെടുത്തുന്നതുമായ ചർച്ചയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നടന്നത്. നല്ലപോലെ വിമർശങ്ങളും സ്വയം വിമർശങ്ങളുമുണ്ടായി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോരായ്‌മകൾ തിരുത്തുമെന്ന് ബന്ധപ്പെട്ട കമ്മിറ്റികൾ വാഗ്‌ദാനം ചെയ്‌തു. ചർച്ചയിൽ ഉയർന്നുവന്ന ക്രിയാത്മകനിർദേശങ്ങൾ ഉൾക്കൊള്ളാനും യോഗം തയ്യാറായി. തുറന്നതും ഉയർന്ന നിലവാരം പുലർത്തിയതുമായ ചർച്ചകൾ പാർടിയുടെ ഉൾക്കരുത്ത് വർധിപ്പിക്കുന്നതായിരുന്നു. എല്ലാ അർഥത്തിലും തൊഴിലാളിവർഗ പ്രസ്ഥാനത്തിന് അനുയോജ്യമായ ചർച്ചയാണ് നടന്നത്. പാർടിയിലെ ഐക്യമാണ് മുഖ്യമെന്നും ഒറ്റക്കെട്ടായി നീങ്ങിയാൽ ഏത് വെല്ലുവിളിയും നേരിടാൻ കേരളത്തിലെ സിപിഐ എമ്മിന് കഴിയുമെന്നുമുള്ള സന്ദേശമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നൽകിയത്. 

വലതുപക്ഷ ശക്തികൾക്കെതിരെ പൊതുവെയും വർഗീയശക്തികൾക്കെതിരെ പ്രത്യേകിച്ചും ശക്തവും നിരന്തരവുമായ പോരാട്ടം സംഘടിപ്പിക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ധാരണയായി. കേവലമായ പ്രതിരോധമല്ല, മറിച്ച് സൂക്ഷ്‌മതലത്തിലുള്ള ചെറുത്തുനിൽപ്പാണ് വേണ്ടതെന്ന നിർദേശമാണ് ചർച്ചയിലുടനീളം ഉയർന്നത്. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ട് അവരുടെ കാഴ്‌ചപ്പാടുകളെയാകെ വർഗീയവൽക്കരിക്കാനാണ് ആർഎസ്എസും സമാനശക്തികളും ശ്രമിക്കുന്നത്. ജാതി–മത സംഘടനകളും ഇടതുപക്ഷത്തിനെതിരായ പൊതുബോധനിർമാണത്തിൽ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്. മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. അതിനാൽ ആരാധനാലയങ്ങൾ വർഗീയശക്തികളുടെ കൈകളിലെത്തുന്നത് തടയുന്നതോടൊപ്പം എല്ലാ ഉത്സവങ്ങളും ജനകീയ ആഘോഷങ്ങളാക്കി എല്ലാവർക്കും പങ്കെടുക്കാൻപറ്റുന്ന വേദികളാക്കി മാറ്റുകയും ചെയ്യണം. അന്ധവിശ്വാസങ്ങൾക്കും സ്ത്രീവിരുദ്ധനിലപാടുകൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും ശാസ്‌ത്രബോധം വളർത്താൻ ഇടപെടണമെന്നും യോഗം നിർദേശിക്കുകയുണ്ടായി. ന്യൂനപക്ഷ,- ഭൂരിപക്ഷ വർഗീയതകൾക്കെതിരായ ശക്തമായ പോരാട്ടം തുടരുകതന്നെ വേണം. മതനിരപേക്ഷതയും ഇടതുപക്ഷമനസ്സും ശക്തിപ്പെടുത്താൻ ആവശ്യമായ സാംസ്‌കാരികമുന്നേറ്റത്തിന് നേതൃത്വം നൽകുകയും വേണം. വലതുപക്ഷ ഇടം കുറച്ചുകൊണ്ടുവരാനുള്ള സർവതലസ്‌പർശിയായ ഇടപെടലുകളാണ് കാലം പാർടിയോട് ആവശ്യപ്പെടുന്നത്. 

നവ ഉദാര നയങ്ങളും വർഗീയതയും ജീവിതസങ്കൽപ്പങ്ങളെയും കാഴ്‌ചപ്പാടുകളെയും സ്വാധീനിക്കുന്ന ഈ ഘട്ടത്തിൽ, പാർടി കേഡർമാരെ ആശയപരമായി ആയുധമണിയിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യത്തെയും പാർടി ഗൗരവത്തിലാണ് സമീപിക്കുന്നത്. സ്ഥിരം പാർടി സ്‌കൂൾ എന്ന ആശയവും ഉയരുകയുണ്ടായി. പാർടി വിദ്യാഭ്യാസത്തിനായി ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തണമെന്നും രാഷ്‌ട്രീയ- പ്രത്യയശാസ്‌ത്ര സംശയനിവാരണത്തിന് പ്രത്യേക ആപ്പുകൾതന്നെ വേണമെന്നുമുള്ള  ക്രിയാത്മകനിർദേശവും സമ്മേളനത്തിൽ ഉയർന്നു. നവ ഉദാര നയം സ്വീകരിക്കപ്പെട്ടതോടെ കേരളീയ സമൂഹത്തിലുണ്ടായ സാമ്പത്തികമാറ്റവും അതോടൊപ്പം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷവൽക്കരണവും വർഗീയവൽക്കരണവും ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. എ കെ ജി പഠന ഗവേഷണകേന്ദ്രവും ഇ എം എസ് അക്കാദമിപോലുള്ള സ്ഥാപനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. 

​കമ്യൂണിസ്റ്റ് പാർടി എന്നനിലയിൽ, പാർലമെന്ററി പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾത്തന്നെ പാർലമെന്റ്‌ ഇതര പ്രവർത്തനത്തിലും പാർടി കേന്ദ്രീകരിക്കണമെന്ന അഭിപ്രായവും പ്രതിനിധികൾ ഉയർത്തുകയുണ്ടായി. വിവിധ ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശികവും വിപുലവുമായ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തിലാണ് അവർ ഊന്നിയത്. അതോടൊപ്പം പാലിയേറ്റീവ് കെയർപോലുള്ള സേവനപ്രവർത്തനങ്ങളുടെ വിപുലീകരണവും ചർച്ചയായി. പരിസ്ഥിതിപ്രശ്നങ്ങൾ സജീവമായി ഏറ്റെടുക്കണമെന്ന സ്വീകാര്യമായ നിർദേശവും ഉയർന്നു. സമൂഹത്തിലെ ബുദ്ധിജീവികൾ, എഴുത്തുകാർ, വിവിധ രംഗങ്ങളിലെ അറിയപ്പെടുന്നവർ എന്നിവരുമായി പാർടിനേതൃത്വം ബന്ധം സ്ഥാപിക്കുകയും അവരെ കൂടെനിർത്താൻ ശ്രമിക്കുകയും ചെയ്യണമെന്ന അഭിപ്രായവും ഉയർന്നു. ബഹുജനങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്തണമെന്നും അതിന് സമൂഹമാധ്യമം ഉൾപ്പെടെ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും വേണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 

ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുന്നേറാൻ യോഗം മൂർത്തമായ ചില നടപടികൾ സ്വീകരിച്ചത്. സമ്മേളനത്തിലുടനീളം പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളും ശരിയായ തീരുമാനത്തിൽ എത്താൻ സംസ്ഥാന പാർടിയെ സഹായിച്ചു. ഈ നടപടികൾ ജനവിശ്വാസം തിരിച്ചുപിടിക്കാനും മുന്നേറാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ പാർടി. കോഴിക്കോട് കടപ്പുറത്തെ വൻ ജനാവലി ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. 

പാർടി സംസ്ഥാന സെക്രട്ടറിയറ്റിൽ മൂന്നുപേരെക്കൂടി ഉൾപ്പെടുത്താനും ഇതിനായി സെക്രട്ടറിയറ്റിന്റെ അംഗസംഖ്യ പതിനെട്ടായി ഉയർത്താനും തീരുമാനമുണ്ടായി. പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരാണ് പുതുതായി ഉൾപ്പെട്ടവർ. കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോൺ ബ്രിട്ടാസിനെയും സെക്രട്ടറിയറ്റിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. സൂസൻകോടിയെ ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റിയിലെ ഒഴിവ് നികത്തുകയും ചെയ്‌തു. ഒമ്പതുപേരെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാക്കളായും ഉൾപ്പെടുത്തി. ഇതിൽ മൂന്നുപേർ വനിതകളാണ്. പുതുതലമുറക്കാരെയും പ്രവർത്തനപരിചയമുള്ളവരെയും ഒരുപോലെ നേതൃത്വത്തിന്റെ ഭാഗമാക്കി ഭാവിസംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. 

പാർടിയെ കൂടുതൽ ചലനാത്മകവും ഊർജസ്വലവുമാക്കാനുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കും. പ്രസ്ഥാനത്തെ അടിമുടി സജീവമാക്കാനുള്ള കർമപദ്ധതിയും ആവിഷ്‌കരിക്കും. അണികളുടെ വികാര-വിചാരങ്ങളെ കണക്കിലെടുത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. തിരുത്തേണ്ട കാര്യങ്ങളിൽ തിരുത്തൽ വരുത്താനുള്ള പ്രക്രിയയിലാണ് പാർടി. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടർച്ചയായി ജില്ല, ഏരിയ അടിസ്ഥാനങ്ങളിലും വിപുലീകൃത യോഗങ്ങൾ ചേരും. 

​മൂന്നു പ്രധാന പ്രമേയങ്ങളും യോഗം അംഗീകരിച്ചു. അതിലൊന്ന്, പാർടിയെയും നേതൃത്വത്തെയും ഉന്നംവച്ച് ഇഡിയെ ഉപയോഗിച്ച്‌ നടത്തുന്ന നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നതാണ്‌. പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിനുവേണ്ടിയുള്ള രാഷ്ട്രീയവേട്ട നടക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ഇത്തരം വേട്ടയാടലുകൾക്കുനേരെ ദേശീയതലത്തിൽത്തന്നെ വിപുലമായ പോരാട്ടം വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ഈ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന ഇരട്ടത്താപ്പും തുറന്നുകാട്ടേണ്ടതുണ്ട്. നവ ഉദാരവാദ നയങ്ങൾ നടപ്പാക്കിയും ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയശക്തികളുമായി കൈകോർത്തും കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ അണിനിരക്കാനും യോഗം ആഹ്വാനം ചെയ്‌തു. ബിജെപിയുടെ സഹായത്തോടെ അധികാരമേറിയ യുഡിഎഫ് എല്ലാ അർഥത്തിലും അവരുടെ നയങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളാകട്ടെ, ഈ കാവിവൽക്കരണ അജൻഡയെ വെള്ളപൂശുകയുമാണ്. അതിനാൽ ബഹുജനങ്ങളെ അണിനിരത്തി പൊരുതേണ്ടതിന്റെ ആവശ്യകതയാണ് പ്രമേയം എടുത്തുപറഞ്ഞത്. കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്ന കോർപറേറ്റ് അമിതാധികാര പ്രവണതകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരാനും യോഗം ആഹ്വാനം ചെയ്തു. 

ദ‍ൗർബല്യങ്ങൾ പരിഹരിച്ച്, തെറ്റുകൾ തിരുത്തി ജനപിന്തുണ വീണ്ടെടുത്ത് മുന്നോട്ടുകുതിക്കുമെന്ന സന്ദേശമാണ് കോഴിക്കോട്ടുനിന്ന്‌ ഉയർന്നത്. പുതിയ സമരമുഖങ്ങൾ തുറന്ന് പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാൻ പാർടിയെ പ്രാപ്തമാക്കുന്ന സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.