'മാധ്യമങ്ങളിലൂടെയാണ് തീരുമാനങ്ങൾ അറിയുന്നത്'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും അടൂർ പ്രകാശ്
മുഖ്യമന്ത്രി വി.ഡി. സതീശൻ യുഡിഎഫുമായി കൂടിയാലോചന നടത്താതെയാണ് പല തീരുമാനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അതിൽ മാറ്റമുണ്ടാകണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി-സർക്കാർ ഏകോപനത്തിലെ പോരായ്മകളും മുന്നണിയിൽ ചർച്ച ചെയ്യാതെയുള്ള തീരുമാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഖാർഗെയ്ക്ക് വിശദമായ കത്ത് കൈമാറിയതെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ ഘടകകക്ഷികൾക്കും കോൺഗ്രസ് നേതാക്കൾക്കുമിടയിൽ അതൃപ്തിയുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീറിനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും നിയമിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. പ്രധാന സർക്കാർ തീരുമാനങ്ങൾ പോലും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.