പേച്ച്
നീയെന്നിൽ നിന്നും
പുറപ്പെടുന്ന വെളിച്ചം
ഞാനോ നിശ്ചല
നീയോ
360 ഡിഗ്രിയിൽ തിളങ്ങുന്നു,
താഴേക്ക് വിരലുകൾ നീട്ടി
ഭൂമിയെ തൊടുന്നു
നമ്മുക്കിടയിലന്നേരം,
രാത്രി
ഞാൻ പൂർണ്ണമായി
തിളങ്ങുമ്പോൾ
നീയെന്നെ ഭൂമിയിലേക്ക്
കൊണ്ടുപോകുന്നു.
ഞാൻ ദുഖിച്ചിരുളുമ്പോൾ
നീയെന്റെ അരികിലിരുന്നു,
എന്റെ ഉള്ളിലെ
ഇരുട്ട് കേൾക്കുന്നു.
നീയെന്നോടന്നേരം ചോദിച്ചു
“ഇനി ഞാനെന്തു പറയണം?”
ഞാനൊന്നും പറഞ്ഞില്ല,
ചോദിച്ചതുമില്ല
നീയെന്റെ ഒന്നുമില്ലായ്മ
നീയെന്റെ വെളിച്ചമില്ലായ്മ
എടുത്ത് ഭൂമിയിലേക്കെറിഞ്ഞു
ഭൂമിയതിനെ
രാത്രിയെന്ന് വിളിച്ചു.
നീ തണുത്ത
പ്രകാശനാരുകളാൽ
ഭൂമിക്കുമേൽ
കുളിരിന്റെ പുടവയായി
നീ നിലാവ്,
ഞാൻ നിലാവിന്റെ വീട്
ഒരേ ശരീരം,
രണ്ട് ദൂരങ്ങൾ
ഞാൻ കാണപ്പെടുന്നു
നീ കാണിച്ചുകൊടുക്കുന്നു
ആകാശം നമ്മളെ
ഒരേ വാക്കിൽ വിളിക്കുന്നു,
പൊടുന്നനെ
ഒരു വെളിച്ചം
മറ്റൊരു വെളിച്ചത്തിലേക്ക്
നടക്കുന്നു
അതാണ് നമ്മുടെ ഭാഷ.
ഞാൻ മറയും മുൻപേ
നീ അപ്രത്യക്ഷമാകുന്നു
അന്നേരം ഭൂമിയുണരുന്നു,
നമ്മളെ തിരയാൻ തുടങ്ങുന്നു.