കവിതകൾ
നഞ്ചു തിന്നുന്നവർ നരകത്തിലേക്കെന്ന്
നക്ഷത്രം പോലെ മിന്നി
മിന്നിപ്പകുത്തൂ മുത്തി
പട്ടിണി ചുറ്റിപ്പിടിക്കാം
രോഗം വാരി - പ്പുണർന്നേക്കാം
ഇഷ്ടങ്ങളാകെ
പ്പിരിഞ്ഞേക്കാം
ലോകമേ വെറുത്തേക്കാ -
മെങ്കിലും കൊല്ലരുത്
തന്നിലെയാകെത്തന്നെ.
വേച്ചിരുന്നു മുത്തശ്ശി
മുറ്റത്തു നിലാപ്പാടം വിണ്ടു
പുഴ കലങ്ങിത്താണു
മഴനീരൊട്ടിക്കേണൂ
വേനലെഴുതിത്തീർത്തു
കർഷക വിലാപം.
മാവിലൊടിഞ്ഞു തൂങ്ങി
യാൾച്ചില്ലകൾ !
പുരാതന കർഷകർ !
അറയിലവരുപേക്ഷിച്ച- യന്നം
തിളച്ചൂ പലരാത്രിയിൽ!
മിന്നിമിന്നിക്കെട്ടുമുത്തി
കന്നുപൂട്ട് മരമടി ജീവതാളം
നെല്ലിൻമണം ചറം ജീവഗന്ധം
ചുറ്റിലും പച്ച കരിയുന്നതിൻ
മണം.
നഞ്ചെങ്കിലും തിന്നാൻ കൊതിച്ചു പൈതൽ.
ഭൂമിയെത്തിന്നോർ പറന്നെത്തീ-
നീട്ടിയോരിളംകൈയിൽ
നൽകീ മൃതഭക്ഷണം
രുചിയിൽ മങ്ങീ കാഴ്ച , കലാപം
കുഞ്ഞതിൻ പരസ്യമായ് !