പൂക്കളുടെ അനാഥശാല
എന്റെ കണ്ണിമയുടെ തൊട്ടുപുറത്ത്
ആര്ക്കും വേണ്ടാത്തപൂക്കളുടെ
ഒരനാഥശാലയുണ്ട്.
വിടരാന് ഉദ്യാനങ്ങള് കിട്ടാത്ത
വിടരാന് ഉദ്യാനങ്ങള് കൊതിക്കാത്ത
പൂക്കള്.
പൊട്ടിയ കലങ്ങളിലും
തുരുമ്പിച്ച് തുടങ്ങിയ പാട്ടകളിലും
വളമില്ലാതെവളര്ന്ന്
ബാല്ക്കണിയഴികള്ക്കിടയിലൂടെ തലനീട്ടി
ഇടയ്ക്കും മുട്ടിനും അവ മടിച്ചുമടിച്ച് പൂവിടും.
പുണ്യത്തിനൊരു തുളസിയും
കാശിയാത്ര കൊതിക്കുന്നൊരു തുമ്പയും
ചുവന്നുകൊഴുത്തമുറുക്കാന്തുപ്പലില്
കുളിച്ചുകിടന്നൊരു നാലുമണിയമ്മയുടെ,
കുഞ്ഞിലക്കൈകള് രണ്ടെണ്ണം ചുരുട്ടി
കാറ്റിനെയിടിച്ചു കളിക്കുന്ന മൂന്നു കുഞ്ഞുങ്ങളും…
കരുണകിട്ടാതെ മുരടിച്ച മന്ദാരവും
കടന്നല്ക്കൂടിനുറ്റൊരു ചട്ടിയില്
അറത്ത് തിന്നാല് കരച്ചില് വന്നാലോ
എന്നുകരുതി നിറുത്തിയ
ചെഞ്ചീരകളായ വൃദ്ധദമ്പതികളും.
(പിന്നെ, ഈ വലയങ്ങള്ക്കുള്ളില്
രഹസ്യമായി ഞാന് നട്ടുനനയ്ക്കുന്ന
മധുരപ്രതികാരങ്ങളുടെ
നല്ലസ്സല് കൊടിത്തൂവക്കാടും!)
ഒരിക്കല് വടക്കുന്നെങ്ങോ കൊണ്ട്
വാതില്ക്കല് വച്ച പനിനീര് റോസ.
വല്ലാതെ പടര്ന്നു പൂത്തുലഞ്ഞ്
ഒടുവില് വേരുചീഞ്ഞുകരിഞ്ഞു
മുള്ക്കൂടായി നിന്നവള് -
ഇനി തളിര്ക്കില്ലെന്നുറച്ചും
വളച്ചുചുറ്റി നെറ്റിയില് ചൂടാന്
ഒരു കിരീടമാക്കാന് നിറുത്തിയതാണ്.
നടക്കുന്ന നടപ്പില് അലസം കൈനീട്ടി
മൂളിപ്പാട്ട് പോലും മുറിയാതെ
കടയോടെയത് പറിച്ചെറിഞ്ഞ വഴിയാത്രക്കാരാ,
പൂക്കളുടെ ഓര്മഗന്ധവും
നീ അക്ഷരം ചുഴറ്റി എറിയുമെന്ന് വാഗ്ദാനം ചെയ്ത
കാറ്റെടുത്ത് പോയ്ക്കൊള്ളുമല്ലോ, അല്ലെ?