Skip to main content
വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ സംഘർഷം; ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലിൽ കോൺഗ്രസിൽ അതൃപ്തി, പ്രതി ചേർക്കാൻ തീരുമാനം

sreena

അടൂർ പൊലീസ് സ്റ്റേഷൻ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. പ്രാദേശികമായി പരിഹരിക്കാവുന്ന വിഷയങ്ങൾ പോലും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വലുതാക്കി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ഇത്തരം ഇടപെടലുകൾ പാർട്ടിയെ പലതരത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ.

ശ്രീനാദേവി കുഞ്ഞമ്മ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നുവെന്നും ഔദ്യോഗിക ചുമതലയുള്ള ചിലർ അവർക്ക് അനാവശ്യ പ്രോത്സാഹനം നൽകുന്നുണ്ടെന്നും വിമർശനമുണ്ട്. പ്രാദേശികമായി തീരേണ്ട വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ വഷളാക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

അതേസമയം, അടൂർ പൊലീസ് സ്റ്റേഷൻ സംഘർഷത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.

മൂന്ന് മാസം മുമ്പുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസമാണ് അടൂർ പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടായത്. ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനുള്ളിൽ കയറി പൊലീസിനെ ഭീഷണിപ്പെടുത്തുന്നതും രാജൻ ജോസഫിനെ പൊലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതിനിടെ മർദിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തിൽ അന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.

കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് അന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീനാദേവി കുഞ്ഞമ്മയെ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കം കേസിൽ നിർണായകമായിരിക്കുകയാണ്. പൊലീസ് വീഴ്ചയെക്കുറിച്ചുള്ള ഡിജിപി റിപ്പോർട്ടും കോൺഗ്രസിനുള്ളിലെ അതൃപ്തിയും ഒരേസമയം ചർച്ചയായതോടെ അടൂർ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ശക്തമാകുകയാണ്.