Skip to main content
വാർത്തകൾ

യുപിയിലെ വോട്ടർപട്ടികയിൽ 2.88 കോടി പേരുകൾ ഒഴിവാക്കി; എസ്‌ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം

up sir

ഉത്തർപ്രദേശിലെ വോട്ടർപട്ടിക പരിഷ്‌കരണമായ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപടികളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണം. പിലിഭിത് സദർ മണ്ഡലത്തിൽ 13,150 പേരുടെ വിവരങ്ങളിൽ മാറ്റം വരുത്തിയതായും വോട്ടർ ഐഡി നമ്പറും സീരിയൽ നമ്പറും നിലനിർത്തി പേരുകൾ തിരുത്തിയതായുമാണ് പരാതി. ഒക്ടോബർ 23ന് നടന്ന എംഎൽസി തിരഞ്ഞെടുപ്പിനായി ഝാൻസി, അലഹബാദ് ഡിവിഷനുകളിലെ വോട്ടർപട്ടികയിലും വിചിത്രമായ പേരുകൾ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സംഭവങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു.

2025 ഒക്ടോബർ 27ന് ആരംഭിച്ച എസ്‌ഐആറിന് മുമ്പ് ഉത്തർപ്രദേശിലെ വോട്ടർമാരുടെ എണ്ണം 15.44 കോടിയായിരുന്നു. 2026 ജനുവരി ആറിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇത് 12.55 കോടിയായി കുറഞ്ഞു. അതായത് 2.88 കോടിയിലധികം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. മരണം, സ്ഥിരതാമസം മാറൽ, ബൂത്ത് ലെവൽ ഓഫീസർമാർക്ക് കണ്ടെത്താനാകാത്തവർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്ട്രേഷനുള്ളവർ തുടങ്ങിയ വിഭാഗങ്ങളിലായാണ് പേരുകൾ ഒഴിവാക്കിയതെന്ന് കമ്മീഷൻ വിശദീകരിച്ചു.

എന്നാൽ, രേഖകൾ പരിശോധിക്കുന്നതിനും ഹിയറിങ് നടത്തുന്നതിനും ആവശ്യമായ നടപടികൾ സുതാര്യമായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കരട് പട്ടികയിൽ ഉൾപ്പെടാതിരുന്നവരും 2003ലെ വോട്ടർപട്ടികയുമായി വിവരങ്ങൾ പൊരുത്തപ്പെടാത്തവരുമടക്കം കോടിക്കണക്കിന് പേരുകൾ പരിശോധനയുടെ പരിധിയിൽ വന്നിരുന്നു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 13.39 കോടിയായി ഉയർന്നു. കരട് പട്ടികയെ അപേക്ഷിച്ച് 84.28 ലക്ഷം പേരുകൾ കൂടി ഉൾപ്പെടുത്തിയെങ്കിലും ഇവരിൽ എത്രപേർ നേരത്തേ ഒഴിവാക്കപ്പെട്ടവരാണെന്നും എത്രപേർ പുതിയ വോട്ടർമാരാണെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

ഫോം 6, ഫോം 7 എന്നിവയുടെ ഉപയോഗത്തിലും ചോദ്യങ്ങളുയർന്നിട്ടുണ്ട്. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെ പുതിയ വോട്ടർമാരായി കണക്കാക്കി ഫോം 6 പൂരിപ്പിക്കാൻ നിർദേശിച്ചതിനെ പ്രതിപക്ഷം എതിർത്തു. ഫോം 7 വഴി പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടും 85,854 അപേക്ഷകളിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ പ്രസിദ്ധീകരിച്ച അനുബന്ധ വോട്ടർപട്ടികകളിലെ കൂട്ടിച്ചേർക്കലുകളുടെയും ഒഴിവാക്കലുകളുടെയും വിശദാംശങ്ങളും പുറത്തുവിടണമെന്നാണ് ആവശ്യം.

വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നത് അനിവാര്യമാണെങ്കിലും അർഹരായ ഒരാൾക്കും വോട്ടവകാശം നഷ്ടപ്പെടരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എത്ര പേരുകൾ ഒഴിവാക്കി, എത്ര പേരെ തിരിച്ചുചേർത്തു, പരിശോധനയിൽ എത്രപേരുടെ അപേക്ഷകൾ തള്ളി തുടങ്ങിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായി പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ എസ്‌ഐആർ നടപടികളിൽ വ്യക്തത വരുത്തണമെന്നും വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.