Skip to main content
വാർത്തകൾ

ത്രിപുരയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമവും ഭീഷണിയും; സിപിഐഎം സ്ഥാനാർഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

cpim tripura

ത്രിപുരയിൽ നവംബർ 28ന് നടക്കുന്ന 21 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സ്ഥാനാർഥികൾക്ക് നേരെ വ്യാപക ആക്രമണവും ഭീഷണിയും നടക്കുന്നതായി സിപിഐഎം. ബിജെപി അനുകൂലികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയുകയും സ്ഥാനാർഥികളെയും പ്രവർത്തകരെയും ആക്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. മോഹൻപൂർ, ജിരാനിയ, റാണി ബസാർ, കമൽപൂർ, ശാന്തിർബസാർ തുടങ്ങിയ മേഖലകളിലാണ് സംഘർഷവും ഭീഷണിയും രൂക്ഷമായതെന്ന് പാർട്ടി വ്യക്തമാക്കി.

ഖോവായിയിലെ ലാൽഖാരയിൽ സിപിഐഎം നേതാവിന്റെ വീട് ആക്രമിച്ച സംഭവത്തിൽ 83 വയസ്സുള്ള വയോധികയ്ക്കും മർദനമേറ്റതായി റിപ്പോർട്ടുണ്ട്. നവംബർ രണ്ടിന് മോഹൻപൂർ സബ് ഡിവിഷനിലെ ഫടിക്ച്ഛറയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയ സിപിഐഎം സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ തകർക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തതായി സിപിഐഎം ആരോപിച്ചു. റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിലേക്കുള്ള വഴി ബുൾഡോസർ ഉപയോഗിച്ച് തടഞ്ഞതായും സമീപ റോഡുകളിൽ ആയുധധാരികളായ സംഘങ്ങൾ നിലയുറപ്പിച്ചതായും പാർട്ടി അറിയിച്ചു.

മോഹൻപൂരിലെ റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിന് അകത്തും പുറത്തും ബിജെപി അനുകൂലികൾ കൂട്ടംകൂടി പ്രതിപക്ഷ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയെന്നും നാമനിർദേശ നടപടികൾ തടസ്സപ്പെടുത്തിയെന്നും സിപിഐഎം നേതാക്കൾ ആരോപിച്ചു. ആക്രമണത്തിനിടെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പാർട്ടി വ്യക്തമാക്കി.

ജിരാനിയിലും റാണി ബസാറിലും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്കുള്ള വഴികൾ തടഞ്ഞതായും സ്ഥാനാർഥികളെയും നിർദേശകരെയും ശാരീരികമായി ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. റിട്ടേണിങ് ഓഫീസർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പ്രതിനിധികളെ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും സിപിഐഎം ആരോപിച്ചു. നവംബർ മൂന്നിന് പുലർച്ചെ 5.30ഓടെ ജിരാനിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദൻ ദാസിനെ വീട്ടിൽ കയറി ആക്രമിച്ചതായും നവംബർ ആറിന് മുമ്പ് പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാർട്ടി അറിയിച്ചു.

ഖോവായിയിൽ സിപിഐഎം നേതാക്കളായ രത്തൻ ദാസ്, കാർത്തിക് ഘോഷ് എന്നിവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. രത്തൻ ദാസിന്റെ വീട്ടിലെത്തിയ അക്രമികൾ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കാർത്തിക് ഘോഷിന്റെ വീടിന്റെ മതിലും ഗേറ്റും തകർത്ത സംഘം പുറത്തേക്കിറങ്ങിയ സഹോദരൻ മഹാദേവ് ഘോഷിനെ വടികൊണ്ട് മർദിച്ചു. ഇവരുടെ 83 വയസ്സുള്ള മാതാവ് പ്രണതി ഘോഷിനും മർദനമേറ്റു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

തെലിയാമുറയിൽ മൂന്നാം വാർഡിലെ സിപിഐഎം സ്ഥാനാർഥി ഡോളി ദാസ് സാഹയുടെ വീടിന് നേരെ മദ്യക്കുപ്പികൾ എറിഞ്ഞതായും പത്താം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഭക്തിലത സർക്കാരിനോട് നാമനിർദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഒൻപതാം വാർഡിലെ സിപിഐഎം സ്ഥാനാർഥി ദീപ്തനു മോഡക്കിന്റെ നിർദേശകനായ സ്വപൻ ഡേയുടെ വീടും ആക്രമിച്ച് തകർത്തതായി പാർട്ടി ആരോപിച്ചു. ശാന്തിർബസാറിൽ സിപിഐഎം നേതാക്കളായ പവിത്ര സൂരിന്റെയും പ്രവർത്തകൻ രത്തൻ സാഹയുടെയും വീടുകൾ ആക്രമിച്ചതായും രത്തൻ സാഹയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായും റിപ്പോർട്ടുണ്ട്.

നാമനിർദേശത്തിന് ബദൽ സംവിധാനം വേണമെന്ന് ഇടതുമുന്നണി

ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ത്രിപുര ഇടതുമുന്നണി കമ്മിറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മോഹൻപൂർ, ജിരാനിയ, റാണി ബസാർ, കമൽപൂർ, ശാന്തിർബസാർ എന്നീ അഞ്ച് നഗര തദ്ദേശ സ്ഥാപനങ്ങളിലെ നാമനിർദേശ പത്രികകൾ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസുകളിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ വഴി സ്വീകരിക്കണമെന്നാണ് ഇടതുമുന്നണി കൺവീനർ മണിക് ഡേ നവംബർ മൂന്നിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. റിട്ടേണിങ് ഓഫീസർമാരുടെ കാര്യാലയങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ബദൽ സംവിധാനം ആവശ്യപ്പെട്ടത്.

ഒക്ടോബർ 31ന് കമൽപൂരിലും മോഹൻപൂരിലും നടന്ന ആക്രമണങ്ങളിൽ നാല് സിപിഐഎം സ്ഥാനാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായും കത്തിൽ ചൂണ്ടിക്കാട്ടി. മോഹൻപൂരിലെ റിട്ടേണിങ് ഓഫീസർ കാര്യാലയത്തിന് സമീപം 200ഓളം ബിജെപി അനുകൂലികളും ശാന്തിർബസാറിൽ 250ഓളം പേരും സംഘടിച്ചിരുന്നുവെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്ന പ്രതിപക്ഷ പ്രവർത്തകരെ പരിശോധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

പ്രതിപക്ഷ സ്ഥാനാർഥികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും നാമനിർദേശ കേന്ദ്രങ്ങളിലേക്കുള്ള വഴികളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 31നും മണിക് ഡേ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമാണെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടി.

291 നാമനിർദേശങ്ങൾ; പ്രചാരണം തുടരാൻ ഇടതുമുന്നണി

ഭീഷണികൾക്കിടയിലും ഇടതുമുന്നണി നാമനിർദേശ പ്രചാരണം തുടരുകയാണ്. നവംബർ മൂന്നിന് ഒൻപത് നഗര തദ്ദേശ സ്ഥാപനങ്ങളിലായി വിവിധ പാർട്ടികളിൽനിന്ന് 50 പേർ കൂടി പത്രിക സമർപ്പിച്ചു. ഇതിൽ 40 പേർ കോൺഗ്രസിൽനിന്നും ആറുപേർ സിപിഐഎമ്മിൽനിന്നും രണ്ടുപേർ ബിജെപിയിൽനിന്നും രണ്ടുപേർ മറ്റ് പാർട്ടികളിൽനിന്നുമാണ്.

21 തദ്ദേശ സ്ഥാപനങ്ങളിലുമായി ഇതുവരെ 291 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 224 എണ്ണം സിപിഐഎമ്മിന്റെയും 52 എണ്ണം കോൺഗ്രസിന്റെയും രണ്ടെണ്ണം ബിജെപിയുടെയും 13 എണ്ണം മറ്റ് പാർട്ടികളുടെയും സ്ഥാനാർഥികളുടേതാണ്. ഇടതുമുന്നണി ആകെ 237 സീറ്റുകളിലേക്ക് പത്രിക സമർപ്പിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ധർമനഗറിൽ ചൊവ്വാഴ്ച മൂന്ന് വാർഡുകളിൽ കൂടി സിപിഐഎം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതോടെ 25ൽ 22 സീറ്റുകളിലും പാർട്ടിക്ക് സ്ഥാനാർഥികളായി. ഖോവായിയിൽ ശേഷിച്ച രണ്ട് സ്ഥാനാർഥികൾ കൂടി പത്രിക നൽകിയതോടെ 15 വാർഡുകളിലെയും നാമനിർദേശ നടപടികൾ ഇടതുമുന്നണി പൂർത്തിയാക്കി.

ഒക്ടോബർ 31ന് ബിലോണിയ, പാനിസാഗർ, ധർമനഗർ എന്നിവിടങ്ങളിലായി 33 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിരുന്നു. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിൽ നവംബർ രണ്ടിന് സിപിഐഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിപിഐ(എംഎൽ) ലിബറേഷൻ എന്നീ അഞ്ച് ഇടതുപാർട്ടികളിൽനിന്നായി 30 പേരും നാമനിർദേശ പത്രിക നൽകി.

ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് ജിതേന്ദ്ര ചൗധരി

അഗർത്തലയിൽ നാമനിർദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര സംസ്ഥാന സെക്രട്ടറിയുമായ ജിതേന്ദ്ര ചൗധരി ജനാധിപത്യ, മതേതര, സമാധാനകാംക്ഷികളായ ജനങ്ങളോട് ഒന്നിച്ചുനിൽക്കാൻ ആഹ്വാനം ചെയ്തു. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമവും ഭീഷണിയും ഉണ്ടായതിനെ തുടർന്ന് ബിജെപി നിരവധി സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച സാഹചര്യം ഇത്തവണ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഒൻപത് വർഷത്തെ ഭരണത്തിൽ കൊള്ളയും നിയമവാഴ്ചയുടെ തകർച്ചയും ജനാധിപത്യ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണവുമാണ് ഉണ്ടായതെന്ന് ജിതേന്ദ്ര ചൗധരി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും പ്രതിപക്ഷ സ്ഥാനാർഥികളെ ആക്രമിക്കുകയും പത്രിക സമർപ്പിക്കുന്നത് തടയുകയും ചെയ്യുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നും ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മണിക് ഡേയും അക്രമങ്ങളെ അപലപിച്ചു. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നവരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നവംബർ ആറാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനുമുമ്പ് ആക്രമണങ്ങൾ അവസാനിപ്പിച്ച് സ്ഥാനാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യമായി മത്സരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഇടതുമുന്നണി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.