Skip to main content
വാർത്തകൾ

ചേരാനല്ലൂർ വാഹനാപകടം: നീതി കിട്ടുംവരെ നിരാഹാരമെന്ന് ജയബാലകൃഷ്ണന്റെ മകൾ; പൊലീസിനെതിരെ പരാതി നൽകും

cheranallur

ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന് നീതി ലഭിക്കുംവരെ നിരാഹാര സമരം തുടരുമെന്ന് മകൾ ഭദ്ര കീർത്തി. അപകടക്കേസിലെ പ്രതിയായ 17കാരന് ജാമ്യം ലഭിച്ചതിലും പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണത്തിലും പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ സമരം. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭദ്ര കീർത്തി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി (ഡിജിപി)ക്കും ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. തട്ടുകട നടത്തി ഉപജീവനം നടത്തുന്നയാളായതുകൊണ്ടാണോ തന്റെ പിതാവിനോട് വിവേചനം കാണിക്കുന്നതെന്ന ചോദ്യവും ഭദ്ര കീർത്തി ഉയർത്തി. അച്ഛന് നീതി ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.

പ്രതിക്ക് ജാമ്യം ലഭിക്കാൻ പൊലീസ് വഴിവിട്ട് ശ്രമിച്ചെന്നാരോപിച്ച് ജയബാലകൃഷ്ണന്റെ കുടുംബം കഴിഞ്ഞ രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പ്രതിക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്തുമാണ് കുടുംബത്തിന്റെ പ്രതിഷേധം.

അപകടത്തിൽ പ്രതിയായ 17കാരൻ പതിവായി വാഹനവുമായി പുറത്തിറങ്ങാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ വാഹനമോടിച്ച് റീലുകൾ ചിത്രീകരിക്കുന്നതും പതിവായിരുന്നുവെന്നാണ് വിവരം. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടിയശേഷമായിരിക്കും തീരുമാനമെടുക്കുക.

പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഉച്ചയോടെ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ആരംഭിക്കാനിരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് 17കാരന് ജാമ്യം അനുവദിച്ചത്. നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിക്കെതിരെ കുടുംബം ഉൾപ്പെടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ, ബോർഡ് വീണ്ടും ജാമ്യം അനുവദിച്ചതോടെ കുടുംബത്തിന്റെ പ്രതിഷേധം ശക്തമായി.