Skip to main content
വാർത്തകൾ

ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമം; വരാനിരിക്കുന്നത് തീക്ഷ്ണമായ പ്രക്ഷോഭങ്ങളെന്ന് പിണറായി വിജയൻ

pinarayi vijayan

ജനാധിപത്യം തുടരണമെന്ന് ആഗ്രഹമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സ്ഥാപനങ്ങളിൽ ആർഎസ്എസ് ചിന്താഗതിക്കാരെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുള്ള ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകളെ പ്രഹസനമാക്കി മാറ്റുന്ന സാഹചര്യമാണുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് വിദ്യാർഥി-യുവജന സംഘടനകൾ അഭിനന്ദനം അർഹിക്കുന്നുവെന്നും വരാനിരിക്കുന്നത് ശക്തമായ പ്രക്ഷോഭങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിലെ ഒരു പ്രതിഷേധവേദി അടച്ചുപൂട്ടിയപ്പോൾ ആയിരക്കണക്കിന് പ്രതിഷേധവേദികൾ ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്ഥാനമൊഴിയുന്നതിന് മുമ്പ് നടത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പിഎസ്‌സി ചെയർമാനെ നീക്കം ചെയ്യണമെന്ന് ശുപാർശ നൽകിയത് ഇതിന്റെ ഭാഗമാണെന്നും പിണറായി വിജയൻ ആരോപിച്ചു. പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ശുപാർശ മന്ത്രിസഭയുടെ നിർദേശപ്രകാരമാണോ നൽകിയതെന്ന ചോദ്യവും വിഷയത്തിൽ ഉയർന്നിട്ടുണ്ട്.