സ്കൂൾ കായികമേളയിൽ പി.ടി. ഉഷയെ ദീപശിഖ തെളിയിക്കാൻ അനുവദിച്ചില്ല; അതൃപ്തി അറിയിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖ തെളിയിക്കുന്നതിൽനിന്ന് പി.ടി. ഉഷയെ ഒഴിവാക്കിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ദീപശിഖ തെളിയിക്കാനായി വേദിയിലെത്തിയ പി.ടി. ഉഷയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ ഏറ്റുവാങ്ങി തെളിയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പി.ടി. ഉഷയെയായിരുന്നു ദീപശിഖ തെളിയിക്കുന്നതിനായി ക്ഷണിച്ചിരുന്നത്. ദീപശിഖാ പ്രയാണം പൂർത്തിയാക്കി ഉദ്ഘാടനവേദിയിലെത്തിയവരിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി തെളിയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അത് മുഖ്യമന്ത്രിക്ക് കൈമാറാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
മധ്യപ്രദേശിൽ നടന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പരിപാടിയിൽനിന്ന് ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മാത്രമാണ് പി.ടി. ഉഷ എത്തിയത്. മുഖ്യമന്ത്രി ദീപശിഖ തെളിയിച്ചതിലല്ല, പ്രത്യേകമായി ക്ഷണിച്ചിട്ടും തനിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങ് നിർവഹിക്കാൻ അവസരം നൽകാത്തതിലാണ് ഉഷയ്ക്ക് അതൃപ്തിയെന്നാണ് വിവരം.
സംഭവത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിലെ നടപടി കായികരംഗത്തെ പ്രമുഖ വ്യക്തിത്വത്തോടുള്ള അനാദരവാണെന്ന തരത്തിലുള്ള വിമർശനങ്ങൾക്കും സംഭവം വഴിവെച്ചിട്ടുണ്ട്.