Skip to main content
വാർത്തകൾ

എൽ.പി.എസ്.ടി സമരപ്പന്തൽ പൊളിച്ച സംഭവം; സർക്കാരിനെതിരെ ചിന്ത ജെറോമും എ.എ. റഹീമും

rahim

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിയിൽ വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. മുഖ്യമന്ത്രിയായ ശേഷം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ വി.ഡി. സതീശന് കഴിയുന്നില്ലെന്ന് ചിന്ത കുറ്റപ്പെടുത്തി. സമരക്കാർക്കൊപ്പം ഏതറ്റം വരെയും ഉണ്ടാകുമെന്നും പൊളിച്ചുമാറ്റിയ പന്തലിന് പകരം ഡിവൈഎഫ്ഐ നിർമിച്ച ബദൽ സമരപ്പന്തൽ സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, സമരത്തോടുള്ള സർക്കാരിന്റെ സമീപനം ബിജെപിയുടേതിന് സമാനമാണെന്ന് എ.എ. റഹീം എംപി ആരോപിച്ചു. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തതുപോലെയാണ് പൊലീസ് പെരുമാറിയതെന്ന് അദ്ദേഹം വിമർശിച്ചു.

ഡൽഹിയിലെ ജന്തർ മന്തറിൽ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത നടപടിക്ക് സമാനമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്നും റഹീം പറഞ്ഞു. കോൺഗ്രസ് സർക്കാർ സ്വീകരിച്ച നടപടി ബിജെപിക്ക് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധം നൽകുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.