എൽ.പി.എസ്.ടി സമരപ്പന്തൽ പൊളിച്ചതിൽ പ്രതിഷേധം; 'കണ്ണീർ ദാന ക്യാമ്പുമായി' സി.ജെ.പി
എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയതിനെതിരെ ആക്ഷേപഹാസ്യ പ്രതിഷേധവുമായി സി.ജെ.പി. 'കണ്ണീർ ദാന ക്യാമ്പ്' എന്ന പേരിലാണ് പുതിയ സമരപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് (നവംബർ 12) മുതൽ അനിശ്ചിതകാല നിരാഹാരസമരവും സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
മുടി മുറിച്ച സംഭവത്തിൽ കണ്ണീരൊഴുക്കിയവർക്ക് എൽ.പി.എസ്.ടി സമരപ്പന്തൽ പൊളിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീർ പോലും ലഭിച്ചില്ലേയെന്നാണ് സി.ജെ.പി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. മുഖ്യമന്ത്രിക്ക് കണ്ണീർ ക്ഷാമമുണ്ടെങ്കിൽ സംഭാവന നൽകാൻ തയ്യാറാണെന്നും പോസ്റ്റിൽ പറയുന്നു.
'നിങ്ങളുടെ കണ്ണീർ പാഴാക്കേണ്ട, മുഖ്യമന്ത്രിക്ക് ദാനം ചെയ്യൂ. ഒരു തുള്ളി കണ്ണീർ അധികാരികൾക്കൊരു ഓർമ്മപ്പെടുത്തലാണ്. കണ്ണീർ ദാന ക്യാമ്പയിനിൽ പങ്കാളികളാകൂ' എന്നാണ് സി.ജെ.പി പങ്കുവെച്ച പോസ്റ്ററിലെ ആഹ്വാനം.
എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് സി.ജെ.പി കേരള ഘടകത്തിന്റെ ആവശ്യം. നിരാഹാരസമരത്തോടൊപ്പം ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.ജെ.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.