'വാക്ക് പാലിക്കണം സതീശാ'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ശിവൻകുട്ടി
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സമരപ്പന്തൽ പൊളിച്ച് ഉദ്യോഗാർഥികളെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയ നടപടി അങ്ങേയറ്റം നീചവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
തൊഴിൽ നൽകാമെന്ന് നേരിട്ട് ഉറപ്പുനൽകി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി ഉദ്യോഗാർഥികളോട് കാണിച്ചത് വിശ്വാസവഞ്ചനയും അവസരവാദവുമാണെന്ന് ശിവൻകുട്ടി വിമർശിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ സമരപ്പന്തലുകളിൽ പ്രസംഗിച്ചുനടന്ന വി.ഡി. സതീശന് അധികാരത്തിലെത്തിയതോടെ സമരങ്ങളോടും പ്രതിഷേധങ്ങളോടും കടുത്ത അലർജിയാണെന്നും അദ്ദേഹം പരിഹസിച്ചു.
വിമർശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്ന കിരാതഭരണത്തെ കേരളം എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന് 'വാക്ക് പാലിക്കണം സതീശാ' എന്ന തലക്കെട്ടാണ് അദ്ദേഹം നൽകിയത്.