Skip to main content
വാർത്തകൾ

ചിറയിൻകീഴ് കൈയാങ്കളി വിവാദം; പാളയം പ്രദീപിനെയും എസ്. സജാദിനെയും തിരിച്ചെടുത്ത് കോൺഗ്രസ്

pradeep

ചിറയിൻകീഴ് കൈയാങ്കളി വിവാദത്തെ തുടർന്ന് സസ്‌പെൻഷനിലായ കെപിസിസി അംഗം പാളയം പ്രദീപിനെയും ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദിനെയും കോൺഗ്രസ് തിരിച്ചെടുത്തു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് എംഎൽഎ രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് നടപടി. കെപിസിസി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രമ്യ ഉറപ്പ് അറിയിച്ചത്. എന്നാൽ പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.

വിവാദം ആരംഭിച്ച ഘട്ടത്തിൽ രമ്യ ഹരിദാസിനെ സംരക്ഷിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ശ്രമം. എംഎൽഎയ്‌ക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ വിഷയം പരിഹരിക്കാനാണ് നേതൃത്വം ശ്രമിച്ചത്. പ്രാദേശിക തലത്തിൽ രമ്യയ്ക്കെതിരായ എതിർപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന നിർദേശവും കെപിസിസി നൽകിയിരുന്നു.

എന്നാൽ സംസ്ഥാന-പ്രാദേശിക നേതൃത്വത്തിന്റെ സമവായ നീക്കങ്ങൾക്ക് വിരുദ്ധമായ നടപടികളുമായി രമ്യ മുന്നോട്ടുപോയതോടെ വിവാദം വീണ്ടും ശക്തമായി. സസ്‌പെൻഷനിലായ പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകിയത് പുതിയ തർക്കത്തിന് വഴിവച്ചു.

ആദ്യം സ്പീക്കറുടെ ഓഫീസിൽ സമർപ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാൻ നിർദേശിച്ച് മടക്കിയിരുന്നു. സെക്രട്ടറി അവധിയിലായതിനാൽ കത്ത് ഓഫീസിൽ ഏൽപ്പിച്ചെങ്കിലും വിവാദമായതോടെ തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു. പുതിയ തീരുമാനത്തോടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും പാളയം പ്രദീപിനുള്ള മണ്ഡലത്തിലെ വിലക്ക് തുടരുന്നത് കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.