Skip to main content
വാർത്തകൾ

വരൾച്ചയിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് 50,000 രൂപ ധനസഹായം വേണം; നാന്ദേഡിൽ സിഐടിയു മാർച്ച്

citu

മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിൽ വരൾച്ചയെ തുടർന്ന് ദുരിതത്തിലായ ഭൂരഹിത കർഷകത്തൊഴിലാളികൾക്കും കർഷകർക്കും ദിവസവേതനക്കാർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അടിയന്തര സാമ്പത്തിക സഹായവും തൊഴിലും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാ മസ്ദൂർ യൂണിയൻ മാർച്ച് നടത്തി. നവംബർ അഞ്ചിന് ജില്ലാ കളക്ടറുടെ ഓഫീസിലേക്കായിരുന്നു മാർച്ച്. ജില്ലയിലെ 16 താലൂക്കുകളിലും രൂക്ഷമായ വരൾച്ചാസാഹചര്യം നിലനിൽക്കുന്നതിനാൽ തൊഴിലാളി കുടുംബങ്ങൾ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.

വരൾച്ച ബാധിച്ച ഓരോ കുടുംബത്തിനും 50,000 രൂപ വീതം എക്സ്ഗ്രേഷ്യ ധനസഹായം നൽകുക, അർഹരായ ദുരിതബാധിത കുടുംബങ്ങൾക്ക് പ്രതിമാസം 10,000 രൂപ സഹായം അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ച് ആവശ്യക്കാർക്ക് പ്രാദേശികമായി തൊഴിൽ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കർഷകർക്കു നൽകുന്ന ആശ്വാസധനത്തിന് സമാനമായി തൊഴിലാളികൾക്കും സഹായം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് റസിഡന്റ് ഡെപ്യൂട്ടി കളക്ടർ (ആർഡിസി) യൂണിയൻ പ്രതിനിധികൾക്ക് ഉറപ്പുനൽകി.

ഡോ. ബാബാസാഹേബ് അംബേദ്കറുടെ പ്രതിമയ്ക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി തൊഴിലാളികളും സ്ത്രീകളും പങ്കെടുത്തു. വലിയ പൊലീസ് സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. വാഹന വായ്പാ തിരിച്ചടവിന് അർഹരായ കുടുംബങ്ങൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ മൊറട്ടോറിയം അനുവദിക്കുക, സ്വയംസഹായ സംഘങ്ങളുടെയും മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെയും വായ്പാ തിരിച്ചുപിടിക്കൽ രണ്ട് വർഷത്തേക്ക് നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ നിവേദനത്തിൽ ഉന്നയിച്ചു. കർഷകരുടെ വിളവായ്പാ തിരിച്ചടവിൽ ഇളവുകൾ അനുവദിക്കണമെന്നും വരൾച്ച അവസാനിക്കുന്നതുവരെ കാർഷികവൃത്തിയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ വായ്പാ തിരിച്ചുപിടിക്കൽ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം വേണം

വരൾച്ച ബാധിതരിൽനിന്ന് വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കുന്നതിനായി കളക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കണമെന്നും നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അപേക്ഷകൾ സ്ഥിരമായി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ രേഖാമൂലം യൂണിയനെ അറിയിക്കുകയും വേണം. അപേക്ഷകൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വിഷയം മുംബൈയിലെ സംസ്ഥാന സർക്കാർ സെക്രട്ടേറിയറ്റായ മന്ത്രാലയത്തിന് മുന്നിലെത്തിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

അപേക്ഷകരുടെ എണ്ണം, പരാതികൾ, കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി എന്നിവ ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ട് തയ്യാറാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉന്നത സർക്കാർ വകുപ്പുകൾക്കും അടിയന്തരമായി കൈമാറണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കരിമ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടണം

കരിമ്പ് തൊഴിലാളികളായ ഗണേഷ് ശിവാജി പവാലെ, സത്യഭാമ പവാലെ, മനോജ് പവാലെ എന്നിവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. നാന്ദേഡ് റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥിയായ മംഗേഷ് വാട്ടെവാഡിന് നേരിടേണ്ടിവന്നതായി ആരോപിക്കപ്പെടുന്ന അനീതിയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സിഐടിയു നടത്തിയ തുടർച്ചയായ റിലേ നിരാഹാരസമരത്തിനിടെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും സമർപ്പിച്ച നിവേദനങ്ങൾ സമഗ്രമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് അന്വേഷണത്തിനും തുടർനടപടികൾക്കും നിർദേശം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ ഓഫീസ് നിവേദനം ഔദ്യോഗികമായി സ്വീകരിച്ച് തുടർ കത്തിടപാടുകൾക്കായി റഫറൻസ് നമ്പർ നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ശക്തവും വിപുലവുമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും തൊഴിലാളികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും യൂണിയൻ അറിയിച്ചു.

സിഐടിയു ജില്ലാ മസ്ദൂർ യൂണിയൻ പ്രസിഡന്റ് ഗംഗാധർ ഗെയ്ക്‌വാദും ജനറൽ സെക്രട്ടറി ഉജ്വല പദൽവാറും മാർച്ചിന് നേതൃത്വം നൽകി. സിപിഐയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളും മാർച്ചിനെ അഭിസംബോധന ചെയ്തു.