Skip to main content
വാർത്തകൾ

വൈദ്യുതി കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുഹമ്മദ് റിയാസ്; ഉയർത്തിയത് അഞ്ച് ചോദ്യങ്ങൾ

riyas

കേരളത്തിലെ അണക്കെട്ടുകളിൽ ആവശ്യത്തിന് ജലശേഖരമുണ്ടായിട്ടും പുറത്തുനിന്ന് യൂണിറ്റിന് 11 രൂപയ്ക്കും 12.50 രൂപയ്ക്കും വൈദ്യുതി വാങ്ങുന്നതെന്തിനെന്ന് ചോദിച്ച് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. വിലകുറഞ്ഞ ജലവൈദ്യുതി പരമാവധി പ്രയോജനപ്പെടുത്താതെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ റിയാസ് ഉയർത്തിയത്.

കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കിയിൽ 63 ശതമാനവും ഇടമലയാറിൽ 72 ശതമാനവും കക്കിയിൽ 69 ശതമാനവും ബാണാസുരസാഗറിൽ 78 ശതമാനവും ഷോളയാറിൽ 87 ശതമാനവുമാണ് ജലനിരപ്പ്. നീരൊഴുക്കും മോശമല്ലാത്ത നിലയിലായിരുന്നിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4–5 ദശലക്ഷം യൂണിറ്റിൽ ഒതുങ്ങി. പീക്ക് സമയത്തെ ഉത്പാദനം 700–800 മെഗാവാട്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റെഗുലേറ്ററി കമ്മീഷന്റെ കണക്കുകൾ പ്രകാരം മെയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽനിന്ന് പീക്ക് സമയത്ത് 1,900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്രവിഹിതവും ദീർഘകാല കരാറുകളും മറ്റ് വൈദ്യുതി വാങ്ങലുകളും കൂടി പരിഗണിക്കുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേയെന്നും റിയാസ് ചോദിച്ചു.

ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചിരുന്നെങ്കിൽ വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് ടെൻഡറില്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടിവരുമായിരുന്നോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പി.ടി.സി മുഖേന ഹിമാചലിൽനിന്ന് യൂണിറ്റിന് 12.50 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജി.എൻ.എ. വൈദ്യുതിയാണോ ഹിമാചൽ വൈദ്യുതിയാണോ ലാഭകരമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി നേതൃത്വവും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിയാസിന്റെ വിമർശനം.

കെ.എസ്.ഇ.ബിയിലെ ചീഫ് എൻജിനീയറും മുൻ സി.എം.ഡി രാജമാണിക്യം ഐ.എ.എസ്. ഉൾപ്പെടെയുള്ളവരും ഹിമാചലിൽനിന്നുള്ള വൈദ്യുതിയെ അനുകൂലിക്കുമ്പോൾ ജി.എൻ.എ. വൈദ്യുതിയാണ് ലാഭകരമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്ന് റിയാസ് ആരോപിച്ചു. എന്നാൽ, ഇതിനെക്കാൾ പ്രധാനമായി കേരളത്തിന് വിലകുറഞ്ഞ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമായിരുന്നിട്ടും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്ന ചോദ്യമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുതി ഉത്പാദനം കുറച്ചുവെച്ചത് എന്തിനാണെന്നും വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേതാണെന്നും ടെൻഡറില്ലാതെ 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ സാഹചര്യമെന്താണെന്നും റിയാസ് ചോദിച്ചു. ഇത് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്നും പൊതുജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ യഥാർഥ വസ്തുതകൾ മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും ജനങ്ങളോട് തുറന്നുപറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.