ഇസ്രയേലിൽ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് 28 ദിവസം; അനുമതി പത്രം കൈമാറി പ്രസിഡന്റ്
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ ഔദ്യോഗികമായി ക്ഷണിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. സർക്കാർ രൂപീകരണത്തിനുള്ള അനുമതി പത്രം കൈമാറിയതോടെ ഐസൻകോട്ടിന് 28 ദിവസത്തെ സമയപരിധി ലഭിച്ചു. പുതിയ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം ഐസൻകോട്ടിന് നൽകുമെന്ന് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. പുതിയ ഇസ്രയേൽ പാർലമെന്റ് നാളെയാണ് അധികാരമേൽക്കുന്നത്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ രൂപീകരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഐസൻകോട്ടിനോട് ഹെർസോഗ് അഭ്യർഥിച്ചു. പുതിയ സർക്കാർ രാജ്യത്തെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഐക്യവും പരസ്പരബന്ധവും വളർത്താനും മുറിവുകൾ ഉണക്കാനും സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അതിനിടെ, തീവ്രവലതുപക്ഷ സഖ്യത്തിലെ യുടിജെ, ഷാസ് പാർട്ടികൾ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിച്ചതിൽ അതൃപ്തിയുള്ള ഇസ്രയേൽ ബെയ്തേനു പാർട്ടി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽനിന്ന് പിന്മാറിയേക്കുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ ആരോപണത്തിൽ മൊസാദ് അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഖത്തർ ഇടപെട്ടെന്നായിരുന്നു മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം.