Skip to main content
വാർത്തകൾ

കർഷകരുടെ ഭൂമി കോർപറേറ്റുകൾക്ക് കൈമാറുന്നു; മോദി സർക്കാരിനെതിരെ ഇ.പി. ജയരാജൻ

ep jayarajan

ആർഎസ്എസ് ഭരണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കർഷകരാണെന്ന് ഇ.പി. ജയരാജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും കർഷകരുടെ ഭൂമി പിടിച്ചെടുത്ത് കോർപറേറ്റുകൾക്ക് കൈമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയും ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാൻ ശക്തമായ പോരാട്ടങ്ങൾക്ക് സമ്മേളനം രൂപം നൽകുമെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നും ഭരണപരിചയവും കാഴ്ചപ്പാടുമില്ലെന്നും ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ പ്രശ്നങ്ങളിൽ നിലപാടോ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ ദിവസവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വൈദ്യുതി കരാറിന്റെ കാര്യത്തിൽ പോലും വ്യക്തത വരുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർ തമ്മിൽ വിശ്വാസമില്ലെന്നും കോൺഗ്രസ് മന്ത്രിമാർ പരസ്പരം കാലുവാരുന്ന സാഹചര്യമാണുള്ളതെന്നും ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വൈദ്യുതി മന്ത്രിയെയും വൈദ്യുതി മന്ത്രിക്ക് മുഖ്യമന്ത്രിയെയും വിശ്വാസമുണ്ടോയെന്നും ചോദിച്ച അദ്ദേഹം കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.