അഴിമതിക്ക് പറ്റിയ ഉദ്യോഗസ്ഥരെ കണ്ടെത്തി സ്ഥലംമാറ്റം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗോവിന്ദൻ മാസ്റ്റർ
ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . എൽ.ഡി.എഫ് ഭരണകാലത്ത് ക്ലിഫ് ഹൗസിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ പോലും കോൺഗ്രസ് അതിനെ വലിയ ധൂർത്തായി ചിത്രീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന അറ്റകുറ്റപ്പണികളെ ധൂർത്തായി വിശേഷിപ്പിച്ച കോൺഗ്രസ് ഇപ്പോൾ അതിന് മറുപടി പറയണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശൻ നടത്തിയ പ്രസ്താവനകളും ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷമുള്ള നടപടികളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മാസ്റ്ററുടെ ആരോപണം.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അഴിമതി നടത്തുന്നതിനുവേണ്ടിയാണെന്നും അതിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടക്കുകയാണെന്നും സി.പി.ഐ.എം നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.