വാഗ്ദാനങ്ങൾ നടപ്പായില്ല; വീണ്ടും സമരത്തിനൊരുങ്ങി ആശാ വർക്കർമാർ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഇൻസെന്റീവ് വർധനയിലും വിരമിക്കൽ ആനുകൂല്യങ്ങളിലും ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.
266 ദിവസം നീണ്ട സമരത്തിലൂടെ വലിയ നേട്ടങ്ങളും ആത്മാഭിമാനവും നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും പാർലമെന്റിലടക്കം നൽകിയ പ്രഖ്യാപനങ്ങൾ ഇതുവരെ നടപ്പായിട്ടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഏപ്രിൽ മുതൽ ഇൻസെന്റീവ് വർധന നടപ്പാക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ രാജ്യവ്യാപകമായി ആശാ വർക്കർമാർ നിരാശയിലാണെന്നും അവർ വ്യക്തമാക്കി.
ഓണറേറിയം ഘട്ടംഘട്ടമായി 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കുമ്പോൾ നൽകുന്ന ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് നടപ്പാക്കണമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദനും എം.എ. ബിന്ദുവും ആവശ്യപ്പെട്ടു.