എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം: യുഡിഎഫ് സർക്കാരിനെതിരെ ചിന്താ ജെറോം
കേരളത്തിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നും അവർ വിമർശിച്ചു. സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം.
സമരത്തിൽ പങ്കെടുക്കുന്ന വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും ചിന്താ ജെറോം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്താണ് വി.ഡി. സതീശൻ അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചശേഷം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ജനാധിപത്യപരമായ സമരത്തെ അടിച്ചമർത്തുകയും സമരക്കാരെ ക്രൂരമായി വേട്ടയാടുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് ചിന്താ ജെറോം കുറ്റപ്പെടുത്തി. വോട്ടിനായി ഉറപ്പുകൾ നൽകുകയും തെരഞ്ഞെടുപ്പിന് ശേഷം അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് യുഡിഎഫിന്റേതെന്നും പ്രിയദർശിനി ബസ് പദ്ധതിയിലും ആശാ വർക്കർമാരുടെ വിഷയത്തിലും പൊള്ളയായ വാഗ്ദാനങ്ങൾ വ്യക്തമായതായും അവർ പറഞ്ഞു.
സമരപ്പന്തൽ ഒരുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഡിവൈഎഫ്ഐയാണെന്നും സമരത്തിന് സംഘടനയുടെ പൂർണ പിന്തുണയുണ്ടെന്നും ചിന്താ ജെറോം വ്യക്തമാക്കി.