പിണറായിയെയും റിയാസിനെയും ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കം; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ മാസ്റ്റർ
പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നടക്കുന്ന കേസുകൾ യുഡിഎഫ്–ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പാർട്ടിയെയും നേതാക്കളെയും രാഷ്ട്രീയമായി കടന്നാക്രമിക്കാനുള്ള അവസരമായി യുഡിഎഫ് കേസുകളെ ഉപയോഗിക്കുകയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം നീക്കങ്ങളെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
എക്സാലോജിക് കേസിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് പുതിയ കേസ് കൊണ്ടുവന്നതെന്നും അതിന്റെ ഭാഗമായാണ് ഹവാല കേസ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്നും കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.