കിഫ്ബിയെ തകർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണെന്ന് പിണറായി വിജയൻ
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ പിന്തുണ നൽകുകയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെയും അതിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്.
കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തേ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടെന്നും പിണറായി വിജയൻ ആരോപിച്ചു. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
25-ഓ 50-ഓ വർഷംകൊണ്ട് മാത്രം യാഥാർഥ്യമാകുമായിരുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കിഫ്ബിയുടെ നേട്ടങ്ങൾ കണ്ടിട്ടും അതിനെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയെ തകർക്കുന്നത് ചരിത്രപരമായ മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന ക്രൂരത കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിവരുമാനം അടിസ്ഥാനമാക്കി ഒരു ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ 40,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബജറ്റിന് പുറത്തുനിന്ന് വിഭവങ്ങൾ സമാഹരിച്ചതിലൂടെ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ കൂടുതൽ തുക ചെലവഴിക്കാൻ ഇതുവഴി അവസരമൊരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നു എന്ന കേന്ദ്രത്തിന്റെ വാദം സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും യുഡിഎഫ് സർക്കാരും ഏറ്റുപിടിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ സാമൂഹിക മേഖലകളിലെ നിക്ഷേപങ്ങളെ ലാഭത്തിന്റെ മാനദണ്ഡത്തിൽ മാത്രം വിലയിരുത്തുന്നത് നവലിബറൽ സാമ്പത്തിക സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.