ഇതോ ചെലവ് ചുരുക്കൽ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 6.7 കോടി രൂപ ചെലവിൽ 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ
സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് ധനകാര്യ വകുപ്പ് ആവർത്തിക്കുന്നതിനിടെ, 6.7 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും നൽകാനാണ് ഐപാഡുകൾ വാങ്ങുന്നതെന്നാണ് സൂചന. ഒക്ടോബർ 16ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇതിനായി ഇ-ടെൻഡർ ക്ഷണിച്ചു.
13 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ എന്നീ മോഡലുകളാണ് വാങ്ങുന്നത്. ഓരോ വിഭാഗത്തിലും 160 എണ്ണം വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവുപരിധി സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ 1.5 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തിയിരുന്നു. മുൻ സർക്കാരിൽനിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ വലിയ തുക ഐപാഡ് വാങ്ങാൻ നീക്കിവെച്ചത് ചർച്ചയായിട്ടുണ്ട്.