ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ; മേയറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാലങ്ങളായി തുടരുന്ന ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഇരുമ്പ് അടുപ്പ് നിർമാതാക്കളുടെ കച്ചവട താൽപ്പര്യമാണ് നീക്കത്തിന് പിന്നിലെന്ന ആരോപണവുമായി എൽഡിഎഫും രംഗത്തെത്തിയതോടെ കോർപ്പറേഷനിൽ പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്.
പൊങ്കാലയ്ക്ക് ശേഷം ഉണ്ടാകുന്ന പൊടിശല്യവും ചുടുകട്ടകൾ പൊട്ടിപ്പോകുന്നതുമൂലമുള്ള നഷ്ടവും ഒഴിവാക്കാനാണ് ഇരുമ്പ് അടുപ്പുകൾ എന്ന ആശയം മേയർ മുന്നോട്ടുവെച്ചത്. മണ്ണടി ക്ഷേത്രത്തിലെ മാതൃക ചൂണ്ടിക്കാട്ടിയ മേയർ കഴിഞ്ഞദിവസം ചേർന്ന അവലോകന യോഗത്തിൽ ഇരുമ്പ് അടുപ്പ് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിർദേശത്തെ പൂർണമായും തള്ളുകയാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്. വിഷയത്തിൽ മേയർ തങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും ഇരുമ്പ് അടുപ്പുകൾ അടിച്ചേൽപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ട്രസ്റ്റ് സെക്രട്ടറി വിനോദ് വ്യക്തമാക്കി. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ട്രസ്റ്റ് നിലപാടെടുത്തു.
അതേസമയം, മേയറുടെ നീക്കത്തിന് പിന്നിൽ കച്ചവട താൽപ്പര്യമാണെന്ന് ആരോപിച്ചാണ് എൽഡിഎഫ് എതിർപ്പുയർത്തുന്നത്. ഇരുമ്പ് അടുപ്പ് നിർമാതാക്കൾ ഇടത് ഭരണകാലത്തും കോർപ്പറേഷനെയും ക്ഷേത്രം ഭാരവാഹികളെയും സമീപിച്ചിരുന്നുവെന്നും അന്ന് ഇരുകൂട്ടരും നിർദേശം നിരസിച്ചിരുന്നുവെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ തവണ പൊങ്കാല നടത്തിപ്പിലുണ്ടായ വീഴ്ചകൾ മറച്ചുവെക്കാനാണ് മേയറുടെ പുതിയ നീക്കമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ക്ഷേത്രം ട്രസ്റ്റും എൽഡിഎഫും ഒരുപോലെ എതിർപ്പ് പരസ്യമാക്കിയതോടെ വിഷയം വരും ദിവസങ്ങളിൽ നഗരസഭാ കൗൺസിലിലും ചർച്ചയാകുമെന്നാണ് സൂചന.