അബിൻ വർക്കിക്കെതിരെ നിയമനടപടിക്കൊരുങ്ങി വീണാ ജോർജ്; വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലുമെന്ന് ആരോപണം
ആറന്മുള എംഎൽഎ അബിൻ വർക്കിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ആറുമാസമായി അബിൻ വർക്കി തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്നും വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം വ്യക്തിഹത്യയും വ്യക്തിപരമായ അധിക്ഷേപവുമാണ് നടത്തുന്നതെന്നും വീണാ ജോർജ് ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ആറന്മുള മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വീണാ ജോർജ് വിശദീകരിച്ചു. വനിതാ പൊലീസ് സ്റ്റേഷൻ, നഗരസൗന്ദര്യവൽക്കരണം, വിവിധ സർക്കാർ ഓഫീസുകൾ തുടങ്ങി നിരവധി പദ്ധതികൾ മണ്ഡലത്തിൽ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ കുമ്പഴ പാലം ഉൾപ്പെടെ എല്ലാ മേഖലകളിലും വികസന പദ്ധതികൾ നടപ്പാക്കിയെന്നും അവർ പറഞ്ഞു. നിലവിൽ മണ്ഡലത്തിൽ പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡറുകൾ അനുവദിച്ചതും തന്റെ മന്ത്രികാലത്താണെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 200 പദ്ധതികൾക്കായി പ്രൊപ്പോസൽ നൽകിയെന്ന അബിൻ വർക്കിയുടെ ആരോപണത്തിനും അവർ മറുപടി നൽകി. ആരോപണം ഉയർന്ന ആദ്യ ദിവസം തന്നെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം വിശദീകരണം നൽകിയിരുന്നു. എംഎൽഎ ഫണ്ട് അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും പുതിയ പദ്ധതികൾക്കാണ് വിനിയോഗിക്കാനാകുകയെന്നും വീണാ ജോർജ് വ്യക്തമാക്കി.
2021-22 കാലയളവിൽ കേരളത്തിലെ മന്ത്രിമാർക്ക് ആസ്തി വികസന ഫണ്ട് ഉണ്ടായിരുന്നില്ലെന്നും കോവിഡ് കാലമായതിനാൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നും അവർ വിശദീകരിച്ചു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
അബാൻ ഫ്ലൈഓവർ പദ്ധതിയെക്കുറിച്ചും അബിൻ വർക്കിക്കെതിരെ വിമർശനമുന്നയിച്ചു. കൃത്യമായ പദ്ധതിയും ആസൂത്രണവുമില്ലാതെയാണോ ഫ്ലൈഓവർ നിർമിച്ചതെന്ന് ചോദിച്ച വീണാ ജോർജ്, പദ്ധതി പൂർത്തിയാക്കാൻ നിലവിലെ എംഎൽഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.