കെഎഎസ് ചട്ടഭേദഗതിക്കെതിരെ പിണറായി വിജയൻ; സർവീസിനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമെന്ന് വിമർശനം
കെഎഎസ് ചട്ടഭേദഗതി നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ അപ്രധാനമാക്കി തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 29 വകുപ്പുകളിലെ പത്ത് ശതമാനം ഒഴിവുകൾ കെഎഎസിനായി നീക്കിവയ്ക്കണമെന്ന വ്യവസ്ഥ ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി നിർദേശമെന്നും പിണറായി വിജയൻ വിമർശിച്ചു.
കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം, സീനിയോറിറ്റി, സ്ഥാനക്കയറ്റം, നിയമനം തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ ഇഷ്ടാനുസരണം മാറ്റാൻ കഴിയുന്ന തരത്തിലാണ് പുതിയ ഭേദഗതി നിർദേശമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ കെഎഎസ് സംവിധാനം തന്നെ അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന സമീപനമാണ് സർക്കാരിന്റേതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പുതിയ ഭേദഗതി നിർദേശം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജീവനക്കാരുടെ സംഘടനകളുമായി ക്രിയാത്മകമായ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. പൊതുഭരണ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കരട് വിജ്ഞാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ വെറും ഏഴ് ദിവസം മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി കെഎഎസ് സംരക്ഷിക്കണമെന്നും അതിനെ ഇല്ലാതാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.